റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ-ബിജാപൂർ അതിർത്തിയിൽ നക്സല്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സന്ദർശിക്കും. പിന്നീട് പരിക്കേറ്റ ജവാൻമാരെയും അദ്ദേഹം ആശുപത്രിയിൽ സന്ദർശിക്കും.
അതേസമയം നക്സലുകൾക്കെതിരായ പ്രവർത്തനങ്ങൾ തുടരുമെന്നും നക്സൽ ബാധിത പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തുമെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ അപഹരിച്ച ഛത്തീസ്ഗഡിലെ സുക്മ-ബിജാപൂർ പ്രദേശത്തുണ്ടായ നക്സൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഏറ്റുമുട്ടലില്‍ ബിജാപൂരിലെ നക്സലൈറ്റുകൾക്ക് വലിയ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാലുമണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന നക്സൽ ബാധിത പ്രദേശങ്ങളിൽ പ്രവേശിച്ച് ധീരമായി പോരാടിയതായും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡില്‍ നക്സലൈറ്റുകളുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ഇപ്പോൾ സംസ്ഥാനത്ത് വളരെ പരിമിതമായ പ്രദേശത്ത് നക്സലുകള്‍ ഒതുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നക്സല്‍ സ്വാധീനമുണ്ടായിരുന്ന പ്രദേശത്ത് രണ്ടായിരത്തോളം സൈനികരെ വിന്യസിച്ച് ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തിയതോടെ പരിഭ്രാന്തരായതോടെയാണ് നക്സല്‍ ആക്രമണം ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ രഹസ്യാന്വേഷണ പരാജയം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.