കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോണ്‍ഗ്രസിലേക്ക് എം.എൽ.എമാരുടെ തിരിച്ചുപോക്ക് തുടരുന്നു. ബിഷ്ണുപൂരിൽ നിന്നുള്ള ബിജെപി നിയമസഭാംഗമായ തൻമയ് ഘോഷ് തൃണമൂലിൽ ചേർന്നതിന് പിന്നാലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബിജെപി നിയമസഭാംഗമായ ബിശ്വജിത് ദാസും പാര്‍ട്ടിയുടെ ഭാഗമായി.
തൃണമൂൽ കോണ്‍ഗ്രസിലായിരുന്ന ഇരുവരും നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബി.ജെ.പിയിലെത്തിയത്. മുകുള്‍ റോയ് അടക്കം ഇത് മൂന്നാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലിലേക്ക് തിരിച്ചെത്തുന്നത്.
തൃണമൂലിൽ നിന്ന് രാജിവച്ചത് തെറ്റായിപ്പോയെന്നും തിരുത്തുകയാണെന്നും ബിശ്വജിത്ത് ദാസ് പറഞ്ഞു. നേരത്തെ രണ്ടുതവണ തൃണമൂല്‍ എംഎല്‍എ ആയിരുന്നിട്ടുള്ള ബിശ്വജിത് ദാസ് ബോങ്കോണില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
ബിശ്വജിത് ദാസ് മുകുൾ റോയിയുടെ അടുത്ത വിശ്വസ്ഥനായാണ് അറിയപ്പെട്ടിരുന്നത്. അതിനിടെ മുകുള്‍ റോയിയുമായി അടുത്തുനില്‍ക്കുന്ന നിരവധി ബിജെപി എംഎല്‍എമാരും നേതാക്കളും വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ALSO READ: സുപ്രീം കോടതിയില്‍ പുതിയ ഒമ്പത് ജഡ്‌ജിമാര്‍ സത്യവാചകം ചൊല്ലി ചുമതലയേറ്റു
പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ 72 എംഎല്‍എമാർ മാത്രമേ അവര്‍ക്കുള്ളൂ. എംപി സ്ഥാനം നിലനില്‍ക്കെ മത്സരിച്ച് ജയിച്ച രണ്ട് ബിജെപി എംഎല്‍എമാര്‍ പിന്നീട് രാജിവച്ചിരുന്നു.