റായ്‌പൂർ: ബക്‌സറിലെ നക്‌സലുകളെ വിറപ്പിച്ച് ഐപിഎസ് ഉദ്യോഗസ്ഥ അങ്കിത ശർമ. 2018ൽ യുപിഎസ്‌സി പരീക്ഷയിൽ 203-ാം റാങ്കോടെ വിജയിച്ച ഐപിഎസ് ഉദ്യോഗസ്ഥ അങ്കിത ശർമ രാജ്യത്തെ സ്ത്രീകൾക്ക് പ്രചോദനവും രാജ്യത്തിന് അഭിമാനവുമാണ്. തന്‍റെ മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ കൊണ്ട് ഒരിക്കൽ വാർത്തകളിൽ ഇടംപിടിച്ച അങ്കിത ശർമ ഇന്ന് വാർത്തകളിൽ നിറയുന്നത് തന്‍റെ നിശ്ചയദാർഢ്യത്തിന്‍റെയും അസാധാരണ ധൈര്യത്തിന്‍റെയും പേരിലാണ്.
നക്‌സലൈറ്റുകളുടെ താവളമായ ബക്‌സറിൽ പോസ്റ്റിങ് ലഭിച്ചെങ്കിലും അങ്കിത പതറിയില്ല. മറിച്ച്, എന്തും നേരിടാനുള്ള ദൃഢനിശ്ചയത്തോടെ നക്‌സലുകളുടെ മാളത്തിൽ കയറി സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം പോരാടുകയാണുണ്ടായത്. ബക്‌സറിലെ നക്‌സൽ ഓപ്പറേഷന്‍റെ കമാൻഡിങ് ഓഫിസർ ആണ് ഐപിസ് ഉദ്യോഗസ്ഥയായ അങ്കിത ശർമ എന്നത് സ്ത്രീകൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
നക്‌സൽ ഓപ്പറേഷൻ നടത്തുന്നതിനിടയിലെ അങ്കിതയുടെ ചിത്രങ്ങൾ സൈനികർ പങ്കുവച്ചിരുന്നു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ബോളിവുഡ് താരം രവീണ ടണ്ടൻ ഉൾപ്പെടെ നിരവധി പേർ അഭിനന്ദനവുമായി രംഗത്തെത്തി.
ഐപിഎസ് ഉദ്യോഗസ്ഥ എന്നത് കൂടാതെ 25ഓളം വരുന്ന യുപിഎസ്‌സി പരീക്ഷയുടെ ഭീമമായ കോച്ചിങ് ഫീസ് താങ്ങാനാവാത്ത യുവജനങ്ങൾക്ക് അധ്യാപിക കൂടിയാണ് അങ്കിത ശർമ.
ദുർഗ് ജില്ലയിലെ ചെറുഗ്രാമത്തിൽ നിന്നും വരുന്ന അങ്കിത സർക്കാർ സ്‌കൂളിൽ നിന്നും ആദ്യകാല പഠനം പൂർത്തിയാക്കിയ ശേഷം 2018ലാണ് യുപിഎസ്‌സി പരീക്ഷയിൽ വിജയിക്കുന്നത്. അതും തന്‍റെ മൂന്നാം ശ്രമത്തിൽ 203-ാം റാങ്കോടെ.
ഹോം കേഡർ ലഭിക്കുന്ന ഛത്തീസ്‌ഗഡിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് അങ്കിത ശർമ. അടുത്തിടെ ഛത്തീസ്‌ഗഡിലെ നക്‌സൽ ബാധിത ബസ്‌തറിൽ എഎസ്‌പി ആയി നിയമിതയായ അങ്കിത ബസ്‌തറിലെ നക്‌സൽ ഓപ്പറേഷൻ കമാൻഡറാണ്.
Also Read: കഞ്ചാവ് മണക്കുന്ന ആന്ധ്ര; ഞെട്ടിക്കുന്ന കണക്കുകൾ, അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ