ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ റിസപ്‌ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി യുവതിയുടെ സഹപ്രവര്‍ത്തകന്‍ രംഗത്ത്. യുവതി കൊല്ലപ്പെട്ട ദിവസം റിസോർട്ടിന്‍റെ ഉടമയും ബിജെപി നേതാവിന്‍റെ മകനുമായ പുൽകിത് ആര്യ, യുവതിയെ വായപൊത്തി മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുന്നത് കണ്ടെന്നാണ് മൊഴി. റിസോർട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസിസ്റ്റന്‍റ് മാനേജർ അങ്കിത് ഗുപ്‌ത എന്നിവര്‍ ഇതേസമയം അവിടെ ഉണ്ടായിരുന്നെന്നും റിസോര്‍ട്ട് ജീവനക്കാരന്‍ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
'അതിഥികള്‍ നാലുപേരുണ്ടായിരുന്നു': അങ്കിത സഹായത്തിനായി നിലവിളിക്കുന്നത് താൻ കണ്ടു. പുൽകിത് അവളുടെ വായ പൊത്തി മുറിയിലേക്ക് വലിച്ചിഴച്ചു. അതിഥിയുടെ ലഗേജ് മുകളിൽ വയ്ക്കാൻ പോയപ്പോഴാണ് ഇക്കാര്യം കണ്ടതെന്നും ഇയാള്‍ പറയുന്നു. അതിഥികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ എവിടെ നിന്നാണ് വന്നതെന്ന് തനിക്കറിയില്ല.
താൻ കുറച്ച് ജോലികള്‍ക്കായി പുറത്തുപോയപ്പോൾ അങ്കിത് ഗുപ്‌തയ്‌ക്കൊപ്പം നാല് അതിഥികളെ കണ്ടു. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരായിരുന്നു അവർ. കറുത്ത കാറിലാണ് അതിഥികള്‍ വന്നത്. ഉടമ നേരത്തേയും മദ്യപിച്ചെത്തി അങ്കിതയോട് മോശമായി പെരുമാറിട്ടുണ്ടെന്നും റിസോര്‍ട്ട് ജീവനക്കാരന്‍ പറഞ്ഞു.
മൃതദേഹം തള്ളിയത് കനാലില്‍ : 19 കാരിയായ റിസപ്‌ഷനിസ്റ്റ് അങ്കിതയെ സെപ്റ്റംബര്‍ 19 മുതലാണ് കാണാതായത്. ഇതേമാസം 24ന് ഋഷികേശിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. യുവതിയെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ റിസോര്‍ട്ട് ഉടമ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.
ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ, അങ്കിതയെ കൊലപ്പെടുത്തി എന്നാണ് കേസ്. പുല്‍കിത്, പുറമെ റിസോര്‍ട്ടിന്‍റെ മാനേജര്‍, അസിസ്റ്റന്‍റ് മാനേജര്‍ എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു.