ന്യൂഡൽഹി : ഗ്രീൻ ഹൈഡ്രജൻ പ്രൊജക്‌ട് ഉൾപ്പടെ പുതിയ ഊര്‍ജ വ്യവസായം ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി ന്യൂ ഇന്‍റസ്‌ട്രീസ് ലിമിറ്റഡ്. ഗ്രീൻ ഹൈഡ്രജൻ പ്രൊജക്‌ട് കൂടാതെ കുറഞ്ഞ കാർബൺ ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം, കാറ്റാടി യന്ത്രങ്ങളുടെ നിർമാണം തുടങ്ങിയവയാണ് പദ്ധതിയിടുന്നത്. സോളാർ മൊഡ്യൂളുകളും ബാറ്ററികളും വികസിപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും വലിയ പുനരുത്പാദന ഊർജ കമ്പനിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്.
ഹൈഡ്രജൻ ഉത്പാദനത്തിനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. പുനരുത്പാദന ഊർജ മേഖലയിൽ 70 ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം നവംബറിൽ വ്യക്തമാക്കിയിരുന്നു.
പുനരുത്പാദന സ്രോതസ്സുകളിൽ നിന്നുള്ള ഊർജ നിര്‍മാണം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങള്‍ വികസിപ്പിക്കല്‍, ഊർജ വിതരണം, ഹൈഡ്രജൻ ഉത്പാദനം എന്നിങ്ങനെ മുന്‍നിര്‍ത്തിയാകും നിക്ഷേപം. സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറി, ഇലക്ട്രോലൈസർ ഫാക്ടറി, ഇന്ധന സെൽ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി എന്നിവ നിർമിക്കും.
ALSO READ: ന്യൂയോര്‍ക്കിലെ മൻഡാരിൻ ഓറിയന്‍റൽ സ്വന്തമാക്കി റിലയൻസ് ; ഏറ്റെടുക്കല്‍ 98.15 മില്യൺ ഡോളറിന്
ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ ഡെവലപ്പറായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) 2030 ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷിയാണ് ലക്ഷ്യമിടുന്നത്. 2022-23 ഓടെ പ്രതിവർഷം 2 GW സൗരോർജ ഉത്പാദന ശേഷി വികസിപ്പിക്കുന്നതിന് 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്തുമെന്നും എജിഇഎൽ വ്യക്തമാക്കുന്നു.
2023ഓടെ പുനരുത്പാദന ഊർജ സംഭരണ രംഗത്ത് നിക്ഷേപം 30 ശതമാനമായി ഉയർത്താനും 2030ഓടെ ഇത് 70 ശതമാനമാക്കാനും കമ്പനി ലക്ഷ്യമിടുന്നു.