അമരാവതി: ഇരു ചക്രവാഹനത്തിൽ മനഃപൂർവം കാർ ഇടിപ്പിച്ചു. സ്‌കൂട്ടർ യാത്രികയ്‌ക്ക് ദാരുണാന്ത്യം. ഡിസംബർ 18ന് ഗച്ചിബൗളി എഐജിക്ക് സമീപമാണ് സംഭവം നടന്നത്. എറഗഡയിൽ നിന്ന് മദാപൂർ കമ്പിപാലം വഴി രണ്ട് ഇരുചക്രവാഹനങ്ങളിലായി ഒരു കുടുംബത്തിലെ നാല് പേർ ഗച്ചിബൗളിയിലേയ്‌ക്ക് പോകുകയായിരുന്നു.
എഐജി ആശുപത്രിക്ക് സമീപം ഇവർ കടന്നുപോയപ്പോൾ, ബെൻസ് കാറിൽ സഞ്ചരിച്ച ജൂബിലി ഹിൽസിലെ വ്യവസായി രാജസിംഹ റെഡ്ഢി(26) റോഡരികിൽ കെട്ടിക്കിടന്ന വെള്ളത്തിലൂടെ വാഹനം കയറ്റുകയും വെള്ളം എറഗഡ സ്വദേശികളായ സൈഫുദ്ദീനും കുടുംബവും സഞ്ചരിച്ച ഇരുചക്ര വാഹനത്തിലേയ്‌ക്ക് തെറിക്കുകയും ചെയ്‌തു. തുടർന്ന് ഇവർ കാറിനെ പിന്തുടർന്ന് ഡ്രൈവറെ ചോദ്യം ചെയ്‌തു.
ഇതോടെ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രകോപിതനായ രാജസിംഹ റെഡ്ഢി കാർ ഉപയോഗിച്ച് സൈഫുദ്ദീനോടൊപ്പം ഉണ്ടായിരുന്ന സഹോദരങ്ങളുടെ വാഹനത്തില്‍ കാര്‍ ഇടിച്ചു കടന്നു കളഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട സൈഫുദ്ദീനും ഭാര്യ മറിയമും വീണ്ടും കാറിനെ പിന്തുടര്‍ന്ന് ഡ്രൈവറുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇതിനെ തുടര്‍ന്ന് രാജസിംഹ റെഡ്ഢി സൈഫുദ്ദീന്‍റെ ഇരുചക്രവാഹനത്തില്‍ കാര്‍ ഇടിച്ചു കയറ്റി. സൈഫുദ്ദീന്‍റെ ഭാര്യ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണു ഗുരുതരമായി പരിക്കേറ്റു. ചികിത്സയിലിരിക്കെ ബുധനാഴ്‌ച പുലർച്ചെയാണ് മറിയം മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മറിയത്തിന് 8 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.