അമരാവതി : ആന്ധ്രയിൽ ഇതുവരെ 2,303 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയും 157 പേർ മരിക്കുകയും ചെയ്‌തതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിംഗാള്‍. നിലവിൽ സംസ്ഥാനത്ത് 1,328 ബ്ലാക്ക് ഫംഗസ് രോഗികളാണുള്ളത്. ആംഫോട്ടെറിസിൻ അടക്കമുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് നഷ്‌ടപരിഹാരം
അതേസമയം കൊവിഡ് ബാധിച്ച് മരിച്ച ഡോക്‌ടർമാരുടെയും നഴ്‌സുമാരുടയും കുടുംബങ്ങൾക്ക് യഥാക്രമം 25 ലക്ഷം രൂപയും 20 ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് പുറമെയാണ് ഈ ധനസഹായം.
ശരിയായ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ല കലക്‌ടർമാർ ഈ ഫണ്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മെയിൽ നഴ്‌സിംഗ് ഓർഡർലി (എംഎൻഒ), ഫീമെയിൽ നഴ്‌സിംഗ് ഓർഡർലി (എഫ്‌എൻഒ) എന്നിവരുടെ കുടുംബങ്ങൾക്കും 15 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: തെലങ്കാന മുൻ മന്ത്രി എട്‌ല രാജേന്ദർ ബിജെപിയിൽ ചേര്‍ന്നു
മറ്റ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതവും നഷ്‌ടപരിഹാരം നൽകും.അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ
സംസ്ഥാനത്തെ എല്ലാ ടീച്ചിംഗ് ആശുപത്രികളിലും അധിക പീഡിയാട്രിക്, ഐസിയു കിടക്കകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മുനിസിപ്പൽ കോർപ്പറേഷനുകളിൽ സൂപ്പർ / മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾ നിർമിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി രണ്ടാഴ്‌ചയ്ക്കുള്ളിൽ മാർഗ നിർദേശങ്ങൾ ആവിഷ്‌കരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.