അനന്തപൂർ: ബഹുഭൂരിപക്ഷം പേരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സും യൂട്യൂബേഴ്‌സുമാവുന്ന കാലമാണിത്. കൊവിഡ് ലോക്ക്‌ഡൗണിനു ശേഷമാണ് ഇങ്ങനെയാരു 'സവിശേഷമായ' രീതിയിലേക്ക് സൈബര്‍ ലോകം പരിണമിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ശ്രദ്ധേയമായൊരു യൂട്യൂബറുണ്ട് ആന്ധ്രാപ്രദേശില്‍. അനന്ത്പൂർ സ്വദേശിയായ വിജയ ലക്ഷ്‌മിയാണ് കക്ഷി.
- " class="align-text-top noRightClick twitterSection" data="">
33 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ വാരിക്കൂട്ടിയാണ് ഇവരുടെ 'ചിന്നു 5642' എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ജൈത്രയാത്ര തുടരുന്നത്. സബ്‌സ്‌ക്രൈബേഴ്‌സിന് വിജയ ലക്ഷ്‌മി എന്നാല്‍ ചിന്നു അമ്മയും ചിന്നു അമ്മായിയും ചിന്നു മുത്തശിയുമൊക്കെയാണ്. ഈ പേരുകളിലാണ് വിജയ, സൈബര്‍ ലോകത്തിന്‍റെ ഹൃദയം കവര്‍ന്നത്. ആരോഗ്യകരവും സ്വാദിഷ്‌ടവുമായ ഭക്ഷണം പാകം ചെയ്യുന്നത്, തമാശ സ്‌കിറ്റുകള്‍, നല്ല കുടുംബ ബന്ധത്തിന് ചെയ്യേണ്ടത്, കുട്ടികളെ, നായ്ക്കുട്ടികളെ പരിച്ചരിക്കേണ്ടത് എങ്ങനെ എന്നിങ്ങനെ വ്യത്യസ്‌തമായ വിഷയത്തിലാണ് ചിന്നു അമ്മായിയുടെ വീഡിയോകള്‍.
തുടക്കം ഏകാന്തതയും ദുഃഖവും അകറ്റാന്‍, ഒടുവില്‍..!: ഉള്‍ക്കാഴ്‌ചകള്‍ നല്‍കുന്ന വിജയയുടെ സംസാരം കൊണ്ടുതന്നെ, ചിന്നു അമ്മായിയോട് തങ്ങള്‍ക്ക് മാനസികമായി വളരെയധികം അടുപ്പം തോന്നാറുണ്ടെന്ന് കാഴ്‌ചക്കാര്‍ പറയുന്നു. 'യൂട്യൂബ് പോലെയുള്ള പ്ലാറ്റ്‌ഫോമിലൂടെ ജനപ്രിയയാകുന്നത് എന്നെപ്പോലുള്ള സ്‌ത്രീകള്‍ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്. എന്‍റെ കുട്ടിക്കാലത്ത് വീട്ടില്‍ ഒരു ടെലിവിഷൻ പോലും ഉണ്ടായിരുന്നില്ല. കുടുംബ പ്രാരാബ്‌ദങ്ങള്‍ കാരണം ഇത്തരത്തിലുള്ള ഒന്നിലും താത്‌പര്യവും ഇല്ലായിരുന്നു' - വിജയ ലക്ഷ്‌മി മനസുതുറന്നു. 2015ൽ മകളുടെ സഹായത്തോടെ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. എന്നാല്‍, അത്ര സജീവമായിരുന്നില്ല. 2018ൽ ഭർത്താവിന്‍റെ മരണശേഷം ഏകാന്തതയും ദുഃഖവും അകറ്റാനാണ് വിജയ യൂട്യൂബറുടെ തിരക്കുകളിലേക്ക് കടക്കുന്നത്. മക്കളായ രഘു വിനോദും മൗനികയും അമ്മയ്‌ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.
'തുടക്കത്തിലൊക്കെ വളരെ അമേച്വർ വീഡിയോകളാണ് ഞാൻ പോസ്റ്റുചെയ്‌തിരുന്നത്. അതുകൊണ്ടാവാം കാഴ്‌ചക്കാര്‍ ഇല്ലായിരുന്നു. പിന്നീട് കാണികളുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ മകള്‍ എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു. വീഡിയോകൾ എഡിറ്റ് ചെയ്യുകയും അടിക്കുറിപ്പ് നൽകുകയും ചെയ്‌തു. ഇങ്ങനെ പലതരത്തിലുള്ള നവീകരണം നടത്തിയതോടെയാണ് പ്രേക്ഷകര്‍ കൂടാന്‍ തുടങ്ങിയത്. ഭർത്താവിന്‍റെ മരണശേഷമാണ് ഈയൊരു തിരക്കുകളിലേക്ക് ഞാന്‍ കടന്നത്' - ആരാധകരുടെ ചിന്നു അമ്മായി പറയുന്നു.
ആ 'ഉപദേശങ്ങള്‍'ക്ക് നല്‍കിയത് പുല്ലുവില: ക്യാമറയ്‌ക്ക് മുന്‍പില്‍ നില്‍ക്കാന്‍ നന്നായി മടിയുള്ള ആളായിരുന്നു വിജയ ലക്ഷ്‌മി. കുടുംബ ബന്ധങ്ങളിലെ മൂല്യങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും സംസാരിച്ചു തുടങ്ങിയതോടെ വഴിത്തിരിവായി. തുടര്‍ന്ന്, യുവാക്കളുടെ ശ്രദ്ധ പതിഞ്ഞതോടെ കൂടുതല്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ 'ക്യാമറപ്പേടി' കുറഞ്ഞു. ഫോളോവേഴ്‌സ് കൂടിയതോടെ ലഭിച്ച ആത്മവിശ്വാസം കൈമുതലാക്കിയാണ് പിന്നെ വിജയ, വിജയ പാതയിലേക്ക് കടന്നത്. ഉള്ളടക്കത്തിലെ വ്യത്യസ്‌തത കൊണ്ട് നാള്‍ക്കുനാള്‍ പ്രേക്ഷകരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇത്രയധികം ആളുകള്‍ ഫോളോവേഴ്‌സായി വരുമെന്ന് തമാശയ്‌ക്ക് പോലും ചിന്തിച്ചിട്ടില്ലെന്ന് സബ്‌സ്‌ക്രൈബേഴ്‌സിന്‍റെ ചിന്നു ആന്‍റി നിഷ്‌കളങ്കമായ ചിരിയോടെ പറയുന്നു.
അമ്മ, അമ്മായി, മുത്തശി എന്നിങ്ങനെ പലതരത്തിലുള്ള വിളികളാണ് ആരാധകരില്‍ നിന്നും ഈ 50കാരിയ്‌ക്ക് ലഭിക്കുന്നത്. പലരും സെല്‍ഫികളെടുക്കാന്‍ തിരക്കുകൂട്ടാറുണ്ടെന്നും ചിന്നുവമ്മ അല്‍പം നാണം കലര്‍ന്ന ചിരിയോടെ പങ്കുവച്ചു. അനുകൂലമായ പ്രതികരണങ്ങള്‍ വിജയയ്‌ക്ക് ധാരാളം ലഭിച്ചെങ്കിലും വിമർശിച്ചവരും ഒരുപാടുണ്ട്. 'ഇതിന്‍റെ വല്ല കാര്യവുമുണ്ടോ, ഈ പ്രായത്തിൽ അടങ്ങി ഒതുങ്ങി ഇരിക്കുകയല്ലേ വേണ്ടത്' എന്നിങ്ങനെയായിരുന്നു ആ 'ഉപദേശങ്ങള്‍'. എന്നാല്‍, മക്കളും ബന്ധുക്കളും നല്‍കിയ പിന്തുണയാണ് ഇതില്‍ ഉറച്ചുനില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. നിലവില്‍, ചിന്നു അമ്മായിയുടെ യൂട്യൂബ് ചാനലിന് 33 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും 260 കോടിയിലധികം വ്യൂസുമാണുള്ളത്.
സമ്പാദ്യം ജീവകാരുണ്യത്തിനായി: 400ലധികം വീഡിയോകളാണ് ചാനലിൽ ഇതുവരെ പോസ്‌റ്റ് ചെയ്‌തത്. വലിയൊരു തുക തന്നെ വിജയയ്‌ക്ക് ഈ വീഡിയോകളിലൂടെ ലഭിക്കുന്നുണ്ട്. 'എന്‍റെ ഭർത്താവ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധാരാളം സംഭാവനകൾ നൽകാറുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ പാത പിന്തുടരുന്നു', വിജയ പറയുന്നു. വിജയയുടെ സമ്പാദ്യത്തിന്‍റെ ഭൂരിഭാഗവും അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അന്ധർക്കുള്ള സ്‌കൂളുകൾ എന്നിവയ്‌ക്കാണ് നല്‍കുന്നത്. പ്രായം ചെന്ന മറ്റ് സ്‌ത്രീകൾക്ക് ഒരു സന്ദേശം തന്നെയാണ് തന്‍റെ ജീവിതമെന്ന് ആത്‌മവിശ്വാസം തുളുമ്പുന്ന കണ്ണുകളോടെ വിജയ ലക്ഷ്‌മി പറയുന്നു.