വിശാഖപട്ടണം (ആന്ധ്രപ്രദേശ്) : ആന്ധ്രപ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 14 ആയി (Andhra Pradesh Train Accident Death Toll). 100ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്നലെ (ഒക്‌ടോബര്‍ 29) രാത്രി ഏഴ് മണിയോടെയാണ് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ കോതവലസയില്‍ കണ്ടകപ്പള്ളിക്കും അലമണ്ടയ്‌ക്കും ഇടയില്‍ ട്രെയിനുകള്‍ അപകടത്തില്‍ പെട്ടത് (AP Train Accident).
വിശാഖപട്ടണത്തു നിന്ന് റായഗഡയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനും പലാശയിൽ നിന്ന് വിജയനഗരത്തിലേക്ക് വരികയായിരുന്ന പലാശ എക്‌സ്‌പ്രസ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ആ സമയം അതേ ട്രാക്കിലൂടെ വന്ന പാലസ എക്‌സ്‌പ്രസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത് (Two trains collide in Andhra Pradesh). ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.
അപകടത്തിന് പിന്നാലെ പാളം തെറ്റിയ ബോഗിയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടതും അപകടത്തിന്‍റെ വ്യാപ്‌തി വര്‍ധിപ്പിച്ചു. അപകട സമയത്ത് ട്രെയിനുകളില്‍ 1400ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിഗ്നല്‍ സംവിധാനത്തിന്‍റെ തകരാറാണ് അപകടത്തിലേക്ക് നയിച്ചത് എന്ന് സംശയിക്കുന്നതായി റയില്‍വേ അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ട്രെയിന്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ സംഭവം. ബിഹാറിലെ ബക്‌സറിൽ ഒക്‌ടോബർ 11 ന് രാത്രിയില്‍ സമാന അപകടം നടന്നിരുന്നു. നാല് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്‌ടപ്പെട്ടത്. ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ സ്‌റ്റേഷന് സമീപം നോർത്ത് ഈസ്‌റ്റ് എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റുകയായിരുന്നു.
ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന 12506 ട്രെയിനിന്‍റെ 21 കോച്ചുകളാണ് പാളം തെറ്റിയത്. ബക്‌സർ സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലായിരുന്നു അപകടം. റെയില്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 70ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി.
ഇക്കഴിഞ്ഞ ജൂണ്‍ മാസം രണ്ടാം തീയതിയാണ് രാജ്യത്തെ തന്നെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തം ഉണ്ടായത്. ഒഡിഷയിലെ ബഹനാഗ ബസാർ പ്രദേശത്ത് ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ 293 യാത്രക്കാരുടെ മരണത്തിനിടയാക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ട്രെയിന്‍ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ബാലസോറില്‍ സംഭവിച്ചത്.