വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കൗമാരക്കാരിയെ രണ്ട് വർഷം തടവിൽവച്ച് ബലാത്സംഗം ചെയ്ത 64കാരനായ സ്വാമി പിടിയില്‍. വിജയവാഡ സ്വദേശിനിയായ 15കാരിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വിശാഖപട്ടണത്തെ ആശ്രമത്തിലെ സന്യാസിയായ പൂർണാനന്ദയെ ഇന്നലെ (ജൂണ്‍ 19) രാത്രി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ മാസം ആദ്യം ആശ്രമത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ്, ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്. പീഡനത്തിനിരയായ കുട്ടി നൽകിയ വിവരങ്ങൾ പ്രകാരമാണ്, ബന്ധുക്കള്‍ പൊലീസില്‍ കേസ് നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തേ മരിച്ചതാണ്. ഇക്കാരണത്താല്‍, രണ്ട് വർഷം മുന്‍പ് കൗമാരക്കാരിയെ ബന്ധുക്കള്‍ രണ്ടുവര്‍ഷം മുന്‍പ് വിശാഖപട്ടണത്തെ ആശ്രമത്തില്‍ എത്തിക്കുകയായിരുന്നു.
'ചങ്ങലക്കിട്ട് മർദിച്ചു, മലവിസര്‍ജ്ജനത്തിന് അനുവദിച്ചില്ല': കൗമാരക്കാരിയെ ആശ്രമത്തില്‍ പ്രവേശിച്ച ശേഷം, ഭരണസമിതി അംഗം കൂടിയായ പൂർണാനന്ദ പശുക്കൾക്ക് തീറ്റ നല്‍കാനുള്ള ചുമതലയായിരുന്നു കുട്ടിക്ക് നല്‍കിയത്. ആശ്രമത്തിലെത്തി നാളുകള്‍ക്ക് ശേഷം രാത്രിയിൽ സ്വാമി തന്റെ മുറിയിൽ കൊണ്ടുപോവുകയും അവിടെവച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് 15കാരിയുടെ മൊഴിയില്‍ പറയുന്നത്. ലൈംഗികാതിക്രമം നിരവധി തവണയാണുണ്ടായത്. പെൺകുട്ടിയെ ചങ്ങല ഉപയോഗിച്ച് ബന്ദിയാക്കി മർദിച്ചെന്നും പരാതിയില്‍ പറയുന്നു.
ഒരു വർഷത്തോളമാണ് തന്നെ മുറിയിൽ ചങ്ങലയിൽ ബന്ദിച്ചിട്ടത്. ബലാത്സംഗത്തിന് എതിർക്കുന്ന സമയം തന്നെ മർദിച്ചിരുന്നു. ഭക്ഷണമായിട്ട് നൽകിയത് കുറച്ച് തവി ചോറ് മാത്രമാണ്. അതും കഞ്ഞി രൂപത്തിലാണ് നല്‍കിയത്. പ്രതിയായ സ്വാമി തന്നെ രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ് കുളിക്കാൻ അനുവദിച്ചത്. മലമൂത്ര വിസര്‍ജ്ജനത്തിന് പോവാന്‍ പോലും അനുവദിച്ചില്ലെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.
അതിജീവിത, ജൂൺ 13ന് ഈ ആശ്രമത്തിലെ തൊഴിലാളിയായ സ്ത്രീയുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന്, തിരുമല എക്സ്പ്രസ് ട്രെയിനില്‍വച്ച് ഒരു യാത്രക്കാരിയോട് കൗമാരക്കാരി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. തുടര്‍ന്ന്, ഈ സ്ത്രീ അതിജീവിതയെ കൃഷ്ണ ജില്ലയിലെ കങ്കിപ്പാട് എന്ന സ്ഥലത്തുള്ള ഒരു ഹോസ്റ്റലിൽ കൊണ്ടുപോയി താമസിപ്പിച്ചു. തുടര്‍ന്ന്, ഇക്കാര്യം അറിഞ്ഞ ഹോസ്റ്റല്‍ ജീവനക്കാര്‍, ലോക്കൽ പൊലീസിന്റെ കത്തില്ലാതെ അവിടെ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ഇതേ തുടർന്ന് കൗമാരക്കാരിയും അവളെ സഹായിച്ച സ്ത്രീയും വിജയവാഡയിലെ കങ്കിപ്പാട് പൊലീസ് സ്റ്റേഷനിലെത്തി.
പൊലീസ് നടപടി ദ്രുതഗതിയില്‍ : കങ്കിപ്പാട് പൊലീസിന്റെ കത്ത് ലഭിച്ചതോടെ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഓഫിസിലേക്ക് കൊണ്ടുപോയി. സിഡബ്ല്യുസി അധികൃതരോട് താന്‍ ആശ്രമത്തിൽ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് കുട്ടി വിവരിച്ചു. സിഡബ്ല്യുസി അംഗങ്ങൾ പെൺകുട്ടിയെ വിജയവാഡയിലെ ദിശ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍, പ്രതി പൂർണാനന്ദക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് വിജയവാഡ ഓൾഡ് ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് വൈദ്യപരിശോധനയ്ക്ക് വേണ്ടി കുട്ടിയെ അയച്ചു.
കേസ് രജിസ്റ്റർ ചെയ്തയുടൻ വിശാഖപട്ടണം പൊലീസിന് വിവരം കൈമാറുകയും തുടർന്ന് ഇന്നലെ രാത്രിയോടെ സ്വാമിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍, സ്വാമി കുറ്റം നിഷേധിച്ചു. ആശ്രമഭൂമി കയ്യേറാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഈ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സ്വാമി പൂർണാനന്ദ പൊലീസിനോട് പറഞ്ഞു. അതേസമയം, ജൂൺ 15ന് പെൺകുട്ടിയെ കാണാതായതായി ആശ്രമം അധികൃതർ പരാതി നൽകിയിരുന്നു.