അമരാവതി : ആന്ധ്ര പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,000 കടന്നു. 24 മണിക്കൂറിനിടെ 118 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായവരുടെ എണ്ണം 10,022 ആയി. 0.65 ശതമാനമാണ് മരണനിരക്ക്. കൊവിഡ് ജീവഹാനികളുടെ എണ്ണത്തില്‍ രാജ്യത്ത് 19ാം സ്ഥാനത്താണ് സംസ്ഥാനം.
19,981 പേര്‍ക്ക് കൂടി 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 18,336 പേര്‍ രോഗമുക്തി നേടി. ആകെ 15,62,060 പേരിലാണ് സംസ്ഥാനത്ത് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 13,41,355 പേര്‍ രോഗമുക്തി നേടി.
also read: കൊവിഡ് ടെസ്റ്റില്‍ റെക്കോര്‍ഡ് ; രാജ്യത്ത് 24 മണിക്കൂറിനിടെ 20.66 ലക്ഷം പരിശോധന
2,10,683 കൊവിഡ് ബാധിതരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. കിഴക്കൻ ഗോദാവരി ജില്ലയിൽ 24 മണിക്കൂറിനിടെ 3,227 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചിറ്റൂരില്‍ 2,581 പേർക്കും വിശാഖപട്ടണത്ത് 2,308 പേര്‍ക്കും കൊവിഡ് ബാധിച്ചു. മൂന്ന് ജില്ലകളിൽ പ്രതിദിന കണക്ക് ആയിരത്തില്‍ താഴെയായി. പ്രതിദിന മരണം ഏറ്റവും കൂടുതല്‍ പശ്ചിമ ഗോദാവരി ജില്ലയിലാണ്. 15 കൊവിഡ് രോഗികളാണ് 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത്.