അമരാവതി : 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശില്‍ അധികാരത്തിലെത്തിയാൽ നിരവധി പദ്ധതികള്‍ക്ക് പുറമെ കുപ്പി ഒന്നിന് 50 രൂപ നിരക്കിൽ മദ്യം നൽകുമെന്ന് ബിജെപി. ചൊവ്വാഴ്ച നടന്ന പൊതുയോഗത്തിൽ ബിജെപി അധ്യക്ഷൻ സോമു വീരജുവാണ് ഇക്കാര്യം അറിയിച്ചത്.
Also Read: ഘര്‍ വാപസിയുമായി വിഎച്ച്പി : 250 ക്രിസ്‌ത്യൻ കുടുംബങ്ങള്‍ക്ക് മതം മാറ്റം
സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരാണ്. ബിജെപി അധികാരത്തില്‍ എത്തിയാല്‍ 75 രൂപ നിരക്കില്‍ നല്ല മദ്യം വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കും. ഇത് ലാഭകരമാണെന്ന് കണ്ടാല്‍ 50 രൂപക്ക് നല്ല മദ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ മൂന്ന് വർഷത്തിനുള്ളിൽ അമരാവതിയെ തലസ്ഥാനമാക്കും. ഇവിടെ വികസനം കൊണ്ടുവരാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും വീരരാജു പറഞ്ഞു.
മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാരിനും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. വികസനം സാധ്യമാക്കുന്നതില്‍ ഈ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റുകാരെ കുരയ്ക്കുന്ന നായ്ക്കൾ എന്ന് വിശേഷിപ്പിച്ച വീരരാജു ഇടതുപക്ഷ പാർട്ടികളാണ് രാജ്യത്തെ നശിപ്പിച്ചതെന്നും ആരോപിച്ചു. മുൻ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, പുരന്ദരേശ്വരി, രാജ്യസഭാംഗങ്ങളായ വൈഎസ് ചൗധരി, എംസി രമേശ് എന്നിവരും യോഗത്തിൽ സംസാരിച്ചു.