അമരാവതി : ആന്ധ്രാപ്രദേശിൽ സംസ്ഥാന സര്‍ക്കാരിനെയും പൊലീസ് വകുപ്പിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഒരു വൈറല്‍ വീഡിയോ. പുരുഷ തയ്യല്‍ക്കാരന്‍, വനിത കോണ്‍സ്‌റ്റബിള്‍മാരുടെ യൂണിഫോമിനുള്ള അളവെടുക്കുന്നതാണ് പ്രചരിക്കുന്ന ഈ ദൃശ്യം. നെല്ലൂർ ജില്ലയിലെ ഉമേഷ് ചന്ദ്ര ഹാളിലാണ് സംഭവം.
കവാലി, ആത്മകൂർ ഡിവിഷനുകളിലെ വനിത കോൺസ്റ്റബിൾമാരാണ് ഓഡിറ്റോറിയത്തിനുള്ളില്‍ അളവ് നല്‍കാനായി എത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ''പുരുഷ തയ്യൽക്കാരനെക്കൊണ്ട് സ്ത്രീകളുടെ വസ്‌ത്രത്തിന്‍റെ അളവെടുപ്പിക്കുന്നത് ശരിയല്ല. നിങ്ങളുടെ വീട്ടിലെ സ്ത്രീകളെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കാറുണ്ടോ?''. ഇങ്ങനെ നിരവധി കമന്‍റുകളാണ് വീഡിയോയ്‌ക്കെതിരായി സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
''വനിത ആഭ്യന്തര മന്ത്രിയ്‌ക്ക് നാണമുണ്ടോ''
വൈ.എസ്.ആര്‍.സി.പി സർക്കാരില്‍ സ്ത്രീകളുടെ ആത്മാഭിമാനം എത്രത്തോളം തകർക്കപ്പെടുന്നു എന്നതിന്‍റെ ഉദാഹരണമാണ് നെല്ലൂർ സംഭവമെന്ന് ടി.ഡി.പി നേതാവ് വംഗലപ്പുടി അനിത ആരോപിച്ചു. വനിത പൊലീസ് കോൺസ്റ്റബിൾമാരുടെ അളവുകൾ എങ്ങനെയാണ് ഒരു പുരുഷ തയ്യൽക്കാരനെക്കൊണ്ട് എടുപ്പിക്കുക. വീടിനടുത്തുള്ള തയ്യൽക്കടയിൽ പെൺകുട്ടികൾക്കായി വസ്ത്രം തുന്നുന്നതിന് മുന്‍പ് നമ്മൾ രണ്ടുതവണ ആലോചിക്കും. പൊലീസ് യൂണിഫോം എന്ന ഒറ്റക്കാരണത്താൽ വനിത പൊലീസുകാരോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
''വനിത ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് സാമാന്യബുദ്ധി ഉണ്ടോ? പൊലീസ് വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് പോലും സംരക്ഷണമില്ലെങ്കില്‍ സംസ്ഥാനത്തെ പെൺകുട്ടികളെ എങ്ങനെ സംരക്ഷിക്കും..? സ്ത്രീകളോട് വിവേചനം കാണിക്കാൻ ഒരു സർക്കാരിന് എങ്ങനെ കഴിയും?''. വംഗലപ്പുടി അനിത, മാധ്യമങ്ങളോട് പറഞ്ഞു.