ചിറ്റൂർ: ആന്ധ്രപ്രദേശിലെ മദനപ്പള്ളെയില്‍ രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 302 പ്രകാരം ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മദനപ്പള്ളെ പൊലീസ് അറിയിച്ചു. കുട്ടികളുടെ അച്ഛനായ പുരുഷോത്തം നായിഡുവിനെയും അമ്മ പദ്മജയെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് ടെസ്റ്റിനായി ഇരുവരേയും മദനപ്പള്ളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പദ്മജ പൊലീസ് വാനില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചു. ശിവന്‍റെ അവതാരമാണ് താന്‍ എന്നായിരുന്നു പദ്മജയുടെ അവകാശ വാദം. തുടർന്ന് പൊലീസ് ജീപ്പിനുള്ളില്‍ വച്ചാണ് ഇവർക്ക് കൊവിഡ് ടെസ്റ്റ് നടത്തിയത്.
അന്ധവിശ്വാസവുമായി ബന്ധപ്പെട്ടാണ് മാതാപിതാക്കള്‍ കുട്ടികളെ കൊലപ്പെടുത്തിയത്.അച്ഛനായ പുരുഷോത്തമൻ നായിഡു കോളജ് പ്രഫസറും അമ്മ പദ്മജ സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. പി.ജി വിദ്യാർഥിയായ അലേഖ്യ(27),സഹോദരി സായ് ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളാണെന്നും വീട്ടില്‍ നിരവധി രഹസ്യ പൂജകള്‍ നടത്തിയതായും പൊലീസ് അറിയിച്ചു.
ഞായറാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. കലിയുഗം ഞായറാഴ്ച രാത്രി അവസാനിക്കുമെന്നും നാളെ തുടങ്ങുന്ന സത്യയുഗത്തിൽ മക്കൾ പുനർജനിക്കുമെന്നും ഒരു മന്ത്രവാദി പറഞ്ഞിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്തിയത് എന്നാണ് ഇവർ മൊഴി നല്‍കിയത് .