അമരാവതി: കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ആന്ധ്രപ്രദേശ് പിസിസി വർക്കിങ് പ്രസിഡൻ്റ് മസ്‌താൻ വാലി. എൻഡിഎ സർക്കാർ രാജ്യത്തെ വഞ്ചിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ലക്ഷക്കണക്കിന് ആളുകളാണ് ദുരിതമനുഭവിക്കുന്നത്. അവരാരും യഥാസമയം പ്രതികരിക്കുന്നില്ല. വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും തെലുങ്കുദേശം പാർട്ടിക്കും (ടിഡിപി) മോദി സർക്കാരിനെ ചോദ്യം ചെയ്യാൻ കഴിയില്ല. കോൺഗ്രസിന് മാത്രമേ മോദി സർക്കാരിൻ്റെ തെറ്റുകളെ ചോദ്യം ചെയ്യാനും വെളിപ്പെടുത്താനും കഴിയൂവെന്നും മസ്‌താൻ വാലി കൂട്ടിച്ചേർത്തു.
Also read: വാക്‌സിൻ സ്വീകരിച്ചവർക്ക് അനഫിലാക്‌സിസ്; ആദ്യ മരണം സ്ഥിരീകരിച്ചു
രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബിജെപി നേതാക്കൾക്ക് കഴിയുന്നില്ല. കൊവിഡ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചത് കേന്ദ്രത്തിൻ്റെ പരാജയമാണ്. ഉത്തരവാദിത്തമുള്ള നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി നിരവധി നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ വാക്കുകൾ കേന്ദ്രം മുഖവിലക്ക് എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.
മോദി സർക്കാർ രാജ്യത്തെ വഞ്ചിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മാത്രമേ മോദിയുടെ വഞ്ചന തുറന്നുകാട്ടാൻ കഴിയുകയുള്ളൂവെന്നും മസ്‌താൻ വാലി പറഞ്ഞു. അതേസമയം പെട്രോളിൻ്റേയും ഡീസലിൻ്റേയും വില ദിനംപ്രതി വർധിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.