ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷനെ തുടർന്ന് അനഫിലാക്‌സിസ് മൂലമുണ്ടായ ആദ്യ മരണം സ്ഥിരീകരിച്ച് കൊവിഡ് വാക്‌സിന്‍റെ പാർശ്വഫലങ്ങൾ പഠിക്കുന്ന പാനൽ. വാക്‌സിനേഷനെ തുടർന്നുണ്ടായ 31 ഗുരുതര പ്രതികൂല സംഭവങ്ങളുടെ വിലയിരുത്തലാണ് പാനൽ നടത്തിയത്. 68 വയസുകാരനാണ് അനഫിലാക്‌സിസ് ബാധിച്ച് മരിച്ചത്. മാർച്ച് എട്ടിനായിരുന്നു ഇയാൾ വാക്‌സിൻ സ്വീകരിച്ചത്.
അനഫിലാക്‌സിസ് ബാധിച്ചുള്ള ആദ്യ മരണമാണിത്. കുത്തിവയ്പ്പെടുത്തതിന് ശേഷം കുത്തിവയ്പ്പ് കേന്ദ്രത്തിൽ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരിക്കേണ്ടതിന്‍റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുന്നതാണ് നിലവിലുള്ള മരണം. വാക്‌സിൻ സ്വീകരിച്ച് 30 മിനിറ്റിനുള്ളിൽ കാണപ്പെടുന്നതാണ് മിക്ക അനഫിലാക്‌സിസ് ലക്ഷണങ്ങളുമെന്നും ഉടനടി ചികിത്സ ഉറപ്പാക്കുന്നതിലൂടെ മരണം ഒഴിവാക്കാൻ സാധിക്കുമെന്നും പഠനങ്ങളുടെ ദേശീയ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. എൻ.കെ. അറോറ പറഞ്ഞു.
Also Read: ജീവൻ രക്ഷിക്കാൻ 16 കോടിയുടെ മരുന്ന്; ഒടുവില്‍ അവൾ മരണത്തിന് കീഴടങ്ങി
എല്ലാ മരണങ്ങൾക്കും കാരണം വാക്‌സിനല്ല
ഫെബ്രുവരി അഞ്ചിന് റിപ്പോർട്ട് ചെയ്‌ത അഞ്ച് കേസുകളും മാർച്ച് ഒമ്പതിന് റിപ്പോർട്ട് ചെയ്‌ത എട്ട് കേസുകളും മാർച്ച് 31ന് റിപ്പോർട്ട് ചെയ്‌ത 18 കേസുകളുമാണ് കമ്മിറ്റി പരിശോധിച്ചത്. ഏപ്രിൽ ആദ്യ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം ഒരു ദശലക്ഷം വാക്‌സിൻ ഡോസുകൾക്ക് 2.7 മരണം എന്ന നിലയിലാണ് മരണനിരക്ക്. അതേസമയം, ഒരു ദശലക്ഷം വാക്‌സിൻ ഡോസുകൾ നൽകുമ്പോൾ 4.8 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മരണങ്ങളും ആശുപത്രി പ്രവേശനവുമെല്ലാം വാക്‌സിൻ സ്വീകരിച്ചതുകൊണ്ട് മാത്രമാണെന്ന് പറയാൻ കഴിയില്ലെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങളും വാക്‌സിനും തമ്മിൽ എന്തെങ്കിലും ബന്ധം നിലനിൽക്കുന്നുണ്ടോ എന്ന് മനസിലാക്കാനായി പഠനങ്ങളും കാര്യകാരണ വിലയിരുത്തലുകളും അത്യാവശ്യമാണെന്നും കമ്മിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ മരണം സംഭവിച്ച കേസുകൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു.
Also Read: കൊവിഡ് വാക്‌സിനെടുക്കാൻ നിര്‍ബന്ധിച്ചു, യുവാവ് ആത്മഹത്യ ചെയ്തു
വാക്‌സിനേഷനെ തുടർന്നുണ്ടായ 31 ഗുരുതര പ്രതികൂല സംഭവങ്ങളുടെ വിലയിരുത്തലിൽ 18 എണ്ണം വാക്‌സിനേഷനുമായി ബന്ധമില്ലാത്തതാണെന്നും ഏഴെണ്ണം ചെറിയ സാധ്യതയുള്ളതാണെന്നും മൂന്നെണ്ണം വാക്‌സിനേഷനുമായി ബന്ധപ്പെട്ടതാണെന്നും ഒരെണ്ണം ഉത്കണ്ഠയുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം തരം തിരിക്കാൻ സാധിക്കാത്തതുമെന്നും കമ്മിറ്റി കണ്ടെത്തി.
ജനുവരി 19, 16 തീയതികളിൽ വാക്‌സിൻ സ്വീകരിച്ച രണ്ട് പേർക്ക് അനഫിലാക്‌സിസ് ബാധിച്ചിരുന്നു. എന്നാൽ, ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്‌തു.