ന്യൂഡല്‍ഹി: പ്രമുഖ പാല്‍ ഉത്‌പന്ന ബ്രാന്‍ഡുകളായ അമുലും മദർ ഡയറിയും വില വര്‍ധിപ്പിക്കും. പാല്‍, ലിറ്ററിന് രണ്ടുരൂപ വച്ചാണ് വര്‍ധന. ഓഗസ്റ്റ് 17 ബുധനാഴ്‌ച മുതലാണ് വില ഉയരുകയെന്ന് കമ്പനികള്‍ ഔദ്യോഗികമായി അറിയിച്ചു.
ഉത്‌പാദന ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് കമ്പനികളുടെ ഈ നീക്കം. ആറുമാസത്തിനിടെ രണ്ടാം തവണയാണ് അമുലും മദർ ഡയറിയും വില വര്‍ധിപ്പിക്കുന്നത്. ഈ വര്‍ഷം മാർച്ച് ആദ്യം പാലിന് ലിറ്ററിന് രണ്ട് രൂപ ഇരു കമ്പനികളും വർധിപ്പിച്ചിരുന്നു. പിന്നാലെയാണ് ബുധനാഴ്‌ച വീണ്ടും വില കൂട്ടുന്നത്.
തിരിച്ചടിയായത് വിലക്കയറ്റം: അമുലിന്‍റെ നിരക്ക് വര്‍ധനവ്, ഗുജറാത്ത് കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്) ഓദ്യോഗികമായാണ് അറിയിച്ചത്. ലിറ്ററിന് രണ്ടുരൂപ വർധിപ്പിക്കുന്നതോടെ എം.ആർ.പിയിൽ (പരമാവധി ചില്ലറ വില) നാല് ശതമാനം വർധനവാണുണ്ടാവുക. പ്രവർത്തനച്ചെലവ്, കന്നുകാലി തീറ്റച്ചെലവ് എന്നിവയിലെ വില വര്‍ധനവ് കമ്പനികളെ പ്രതികൂലമായി ബാധിച്ചതിനാലാണ് ഈ നീക്കം.
പാൽ, മറ്റ് പാൽ ഉത്‌പന്നങ്ങൾ എന്നിവയ്ക്കായി ഉപഭോക്താക്കൾ നൽകുന്ന ഓരോ രൂപയുടെയും ഏകദേശം 80 പൈസ സഹകരണസംഘം, ഉത്പാദകർക്ക് കൈമാറുന്നുണ്ട്. കര്‍ഷകരെ പിന്തണയ്‌ക്കുന്നതിന് വില വര്‍ധനവ് സഹായിക്കുമെന്നും ജി.സി.എം.എം.എഫ് പ്രസ്‌താവനയില്‍ വ്യക്തമാക്കി.
ഉത്‌പാദന ചെലവ് വര്‍ധിച്ചതോടെയാടെയാണ് തങ്ങളെയും പാലിന്‍റെ വില വര്‍ധിപ്പിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് മദർ ഡയറി അറിയിച്ചു. പുതിയ വില തങ്ങളുടെ എല്ലാ പാൽ ഉത്‌പന്നങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും മദര്‍ ഡയറി പ്രസ്‌താവനയില്‍ വ്യക്തമാക്കി.