ന്യൂഡൽഹി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് ആവശ്യമായ ഓക്സിജന്‍ എത്തിച്ചുകൊടുക്കാന്‍ നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വിദഗ്ധ സംഘം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓക്സിജന്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ചെയ്യും. ഇതിനായി സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്നും പരമാവധി ശേഷിയുള്ള ടാങ്കറുകൾ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2005ലെ ദുരന്ത നിവാരണ നിയമം പ്രകാരം ആഭ്യന്തര വകുപ്പ് ഏപ്രിൽ 22ന് ഓക്സിജന്‍റെ തടസ്സമില്ലാതെയുള്ള വിതരണത്തിനും ഇവ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്നും അത്തരം ഗതാഗതത്തിന് പ്രത്യേക ഇടനാഴികൾ ഏർപ്പെടുത്തണമെന്നും ആംബുലൻസുകൾക്ക് തുല്യമായി ഈ വാഹനങ്ങളെ പരിഗണിക്കേണ്ടതെന്നും മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതി. ചില അവശ്യ മേഖലകൾ ഒഴികെ വ്യാവസായിക ആവശ്യങ്ങൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നത് കേന്ദ്രസർക്കാർ നിരോധിച്ചതായി ഏപ്രിൽ 18ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് മെഡിക്കൽ ഓക്സിജന്‍റെ വിതരണം ഗണ്യമായി വർദ്ധിപ്പിക്കുന്നതിന് കാരണമായി.
വിവിധതരം ഓക്സിജൻ ഉൽപാദിപ്പിക്കുന്ന എല്ലാ പ്ളാന്‍റുകളെയും പട്ടികപ്പെടുത്താൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകണമെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സഹായത്തോടെയാണ് ഇവ ഇന്ത്യയിൽ എത്തിക്കാന്‍ പദ്ധതിയിടുന്നത്. നിലവിൽ റെയിൽവേ ഓക്‌സിജൻ വഹിച്ച് പ്രത്യേക ട്രെയിന്‍ സർവീസുകൾ നടത്തുന്നുണ്ട്. മെഡിക്കൽ ഓക്സിജനും അവശ്യ മരുന്നുകളും പാഴാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആനുകാലിക കണക്കെടുപ്പ് നടത്തും.