ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും ശനിയാഴ്‌ച കൂടിക്കാഴ്‌ച നടത്തും. കശ്‌മീർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുവരും കാണുന്നത്.
കശ്‌മീരിലെ സുരക്ഷാസാഹചര്യങ്ങളും സാധാരണക്കാര്‍ക്കുനേരെയുള്ള തീവ്രവാദി ആക്രമണങ്ങളും ശനിയാഴ്‌ച ഉച്ചക്ക് നടക്കാനിരിക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും.
കഴിഞ്ഞദിവസം സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകനും മറ്റൊരു അധ്യാപകനും തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി ഗുജറാത്തിൽ നിന്ന് ഡൽഹിയിൽ മടങ്ങിയെത്തിയ ശേഷമാകും കൂടിക്കാഴ്‌ച. ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും ശനിയാഴ്‌ച രാവിലെ ഡൽഹിയിൽ എത്തും.
Also Read: സ്ത്രീസുരക്ഷാ നിയമങ്ങൾ ദുരുപയോഗം ചെയ്യരുത് : വനിത കമ്മിഷൻ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ജമ്മു കശ്‌മീർ ലഫ്റ്റനന്‍റ് ഗവർണറുമായി അമിത്ഷാ കൂടിക്കാഴ്‌ച നടത്താനിരിക്കുന്നത്. മൂന്ന് മണിക്കൂർ നീണ്ട ഉന്നതതല യോഗത്തിൽ കശ്‌മീരിലെ തീവ്രവാദി ആക്രമണങ്ങളും തുടർനടപടിക്കുള്ള മാർഗരേഖയും ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്‌തിരുന്നു.
കശ്‌മീരിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി തീവ്രവാദി ആക്രമണങ്ങളിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.