ന്യൂഡൽഹി: കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഡൽഹി പൊലീസ് നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസിന്‍റെ സേവനം ചരിത്രത്തിൽ സുവർണ ലിപികളിൽ ആലേഖനം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. " 2020 ഫെബ്രുവരിയിൽ ഞാൻ പറഞ്ഞിരുന്നു പൊലീസും ജനങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന്. ഇന്ന് ഒരു വർഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോൾ ഡൽഹി പൊലീസ് എത്ര മനോഹരമായി എന്‍റെ വാക്കുകൾ ഉൾക്കൊണ്ടു എന്ന് മനസിലാക്കാമെന്നും അമിത് ഷാ പറഞ്ഞു". ഡൽഹിയിലെ പൊലീസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമങ്ങൾ, കൊവിഡ് ലോക്ക്ഡൗണ്‍, കുടിയേറ്റ തൊഴിലാളി പ്രശ്‌നങ്ങൾ, കർഷക പ്രക്ഷോഭം തുടങ്ങി എല്ലാ വെല്ലുവിളികളെയും ഡൽഹി പൊലീസ് നേരിട്ടെന്നും അമിത് ഷാ പറഞ്ഞു. കേസുകളിൽ വേഗത്തിൽ നീതി ഉറപ്പാക്കാൻ ശാസ്‌ത്രീയ തെളിവുകൾ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യ തലസ്ഥാനത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സേഫ് സിറ്റി പ്രൊജക്‌റ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതായും അമിത് ഷാ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 15000 സിസിടിവി ക്യാമറകൾ സ്ഥാപിക്കും. സൈബർ, സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഈ പുതിയ കാലഘട്ടത്തിലെ വെല്ലുവിളി. ഇത്തരം കുറ്റകൃത്യങ്ങളെ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്നും നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നും ഡൽഹി പൊലീസ് കമ്മിഷണർ എസ്എൻ ശ്രീവാസ്‌തവ അറിയിച്ചു.