ന്യൂഡൽഹി : രാജ്യത്ത് എക സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതിന്‍റെ സൂചനകള്‍ നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ, രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് വിഷയങ്ങള്‍ പരിഹരിച്ച് കഴിഞ്ഞെന്നും ഇനിയുള്ളത് ഏക സിവില്‍ കോഡ് ആണെന്നുമാണ് ഷാ ഭോപ്പാലില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പരാമര്‍ശിച്ചത്. ഇതിനുപിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ തീരുമാനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ നടത്തിയ പ്രസ്താവന സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നായിരുന്നു. ഇതിനായി ഒരു കമ്മിറ്റിയെയും അദ്ദേഹം നിയോഗിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ജയറാം താക്കൂർ, ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വിഷയം സംസ്ഥാനത്ത് ചർച്ചയാക്കുമെന്ന് വിശദീകരിച്ചിരുന്നു.
ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി തീവ്ര വലതുപക്ഷ ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. ഉത്തർപ്രദേശിൽ സമാജ്‌വാദി പ്രോഗ്രസീവ് പാർട്ടി മേധാവി ശിവപാൽ യാദവ്, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഗോവയില്‍ 1961 മുതൽ എക സിവിൽ കോഡ് നിലവിലുണ്ട്.
Also Read: ഏക സിവിൽ കോഡിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ഏക സിവിൽ കോഡ് നടപ്പിലാക്കിയാല്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയവ രാജ്യത്തെ എല്ലാ മതസ്ഥര്‍ക്കും ഒരു പോലെയാകും. അതേസമയം ഏക സിവില്‍ കോഡ് ചര്‍ച്ച 2024 ലെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമാണെന്നും നിരീക്ഷണമുണ്ട്. രാമക്ഷേത്ര നിര്‍മാണവും ഏക സിവില്‍ കോഡും തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കാനാണ് ബിജെപി നീക്കം.
നിയമം മുസ്ലിം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിയമം മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് ചിലര്‍ പ്രചാരണം നടത്തുകയാണെന്നും ഇത് ശരിയല്ലെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം നിയമം പാര്‍ട്ടിയുടെ പുതിയ അജണ്ട അല്ലെന്നും പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ഇതിനായി വാദിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് മുരളീധർ റാവു പറഞ്ഞു.