ബെംഗളൂരു: വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കര്‍ണാടകയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ബൊക്കെ സ്വീകരിച്ചതിനെച്ചൊല്ലിയുള്ള 'കൗതുക വാര്‍ത്ത' സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്ര പാർലമെന്‍ററി ബോർഡ് അംഗവുമായ ബിഎസ് യെദ്യൂരപ്പ (ബിഎസ്‌വൈ) ബൊക്കെയുമായി നില്‍ക്കവെ മകൻ ബിവൈ വിജയേന്ദ്രയുടെ കൈയില്‍ നിന്നും പൂച്ചെണ്ട് വാങ്ങിയതാണ് സംഭവം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് സംസ്ഥാനത്തുണ്ടാവാന്‍ ഇടയുള്ള പുതിയ മാറ്റത്തിന്‍റെ സൂചനയാണോ എന്ന തരത്തിലാണ് ചര്‍ച്ചകള്‍ ഉയരുന്നത്.
ഇന്ന് സംസ്ഥാനത്ത് നടന്ന പരിപാടികള്‍ക്ക് മുന്‍പ് ബിഎസ് യെദ്യൂരപ്പയുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്‍റെ വസതിയിൽ എത്തിയാണ് അമിത് ഷാ പ്രഭാത ഭക്ഷണം കഴിച്ചത്. ഇതിനായി എത്തിയ സമയത്താണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയായ ബിവൈ വിജയേന്ദ്രയുടെ കൈയില്‍ നിന്നും ബൊക്ക വാങ്ങിയതും സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയതും. ദോശയും ഇഡലിയും പൊങ്കലുമാണ് ഷാ കഴിച്ചത്. കുമാരപാർക്കിലെ യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയായ കാവേരിയില്‍ രാവിലെ 9.30നാണ് അദ്ദേഹം എത്തിയത്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബിജെപി സംസ്ഥാന ഇൻചാർജ് അരുൺ സിങ്, ബിജെപി സംസ്ഥാന പ്രസിഡന്‍റ് നളിൻ കുമാർ കട്ടീൽ എന്നിവരും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. ബിഎസ് യെദ്യൂരപ്പയുടെ മക്കളായ ഉമാദേവിയും പത്മാവതിയും അതിഥികളെ സത്കരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി റേസ് കോഴ്‌സ് റോഡിലെ താജ് വെസ്റ്റ് എൻഡ് ഹോട്ടലിലാണ് താമസിച്ചത്.
വിജയേന്ദ്രയുടെ 'വളര്‍ച്ച'യ്‌ക്ക് കനിയണം ഷാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍പ്പിച്ച ഉത്തരവാദിത്തം കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും യുവമോർച്ച നേതൃസ്ഥാനത്തിരുന്ന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത നേതാവാണ് വിജയേന്ദ്ര. ഇതിലൂടെ സംസ്ഥാന ഘടകത്തിലെ നേതൃസ്ഥാനത്തേക്ക് എത്താനും അദ്ദേഹത്തിനായി. എന്നാല്‍, മോഹിച്ച അത്ര 'രാഷ്ട്രീയ വളർച്ച' നേടാന്‍ കഴിയാത്ത സാഹചര്യമാണ് അദ്ദേഹത്തിനുള്ളത്. 'വിജയേന്ദ്ര വിഷയം' അമിത് ഷാ കൈകാര്യം ചെയ്‌താൽ സംസ്ഥാന രാഷ്‌ട്രീയത്തിലെ 'തടസങ്ങൾ' നീങ്ങുമെന്നാണ് അച്ഛനും മകനും കരുതുന്നത്. അതിന് വേണ്ടിയാണോ ഇത്തരത്തില്‍ സത്‌കരിക്കുന്നത് എന്ന ചോദ്യവും കര്‍ണാടക രാഷ്‌ട്രീയത്തില്‍ ഉയരുന്നുണ്ട്.
'യെദ്യൂരപ്പയെ ഒതുക്കിയിട്ടില്ല, അത് വ്യാജ വാര്‍ത്ത': 'യെദ്യൂരപ്പയും അമിത് ഷായും തമ്മിൽ രാഷ്ട്രീയമല്ലാതെ മറ്റൊരു വിഷയത്തെക്കുറിച്ചും ചർച്ച നടന്നിട്ടില്ല. സംസ്ഥാനത്ത് ദുര്‍ബലമായ നിയമസഭ ഉണ്ടാകരുതെന്നും ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ തന്നെ രൂപീകരിക്കണമെന്നുമാണ് ചർച്ച നടന്നത്.'- അമിത് ഷായുടെ സന്ദര്‍ശനത്തെക്കുറിച്ച് ബിവൈ വിജയേന്ദ്ര പ്രതികരിച്ചു.
യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തെ പാർട്ടി 'ഒതുക്കുന്നതായി' വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നും പാർട്ടിയിൽ തനിക്ക് അവഗണന ഉണ്ടായിട്ടില്ലെന്നും ബിഎസ്‌വൈ തന്നെ പലതവണ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും മകന്‍ ചൂണ്ടിക്കാട്ടി. പഴയ അതേ ആവേശത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹമെന്നുമാണ് യെദ്യൂരപ്പയെ അനുകൂലിച്ചുകൊണ്ട് മകന്‍ പറയുന്നത്.
'അമിത് ഷാ എന്നോട് വളരെ സ്നേഹത്തോടെയാണ് ഇന്ന് സംസാരിച്ചത്. ഇത് എനിക്ക് ഊര്‍ജം നൽകുന്നു. വരുണയിൽ നിന്ന് മത്സരിക്കുന്നത് ചിന്തയിലേ ഇല്ല. ശിക്കാരിപൂർ മണ്ഡലത്തിലെ ജനങ്ങളുടേയും വോട്ടർമാരുടേയും അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഞാൻ അവിടെയാണ് മത്സരിക്കുക. ഇതിനകം അവിടെ പര്യടനം നടത്തിയിട്ടുണ്ട്. വീണ്ടും പര്യടനം നടത്തും. എന്നാൽ, ഞാൻ എവിടെ മത്സരിക്കണമെന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര നേതാക്കള്‍ക്ക് വിടും.'- ബിവൈ വിജയേന്ദ്ര മാധ്യമങ്ങളോട് വിശദീകരിച്ചു.