രജൗരി (ജമ്മു കശ്‌മീര്‍) : പഹാരി വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികവര്‍ഗമെന്ന നിലയില്‍ ഉടന്‍ സംവരണം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്‌മീരിലെ രജൗരിയില്‍ നടന്ന രാഷ്‌ട്രീയ റാലിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. പഹാരി ഭാഷ സംസാരിക്കുന്നവരെയാണ് പഹാരി വിഭാഗം എന്ന് വിളിക്കുന്നത്. ജമ്മു കശ്‌മീരിലും ഹിമാചല്‍ പ്രദേശിലുമാണ് പഹാരി വിഭാഗക്കാര്‍ കൂടുതലായുള്ളത്.
ജമ്മു കശ്‌മീരിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സംവരണം നടപ്പാകുകയാണെങ്കില്‍ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്ന വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ സംവരണം അനുവദിക്കുന്നത് ആദ്യ സംഭവമായിരിക്കും. കേന്ദ്ര സംവരണ നിയമത്തില്‍ ഇതിനായി ഭേദഗതികള്‍ വരുത്തേണ്ടിവരും.
പഹാരി, ഗുജ്ജര്‍, ബകര്‍വാള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജിഡി ശര്‍മ കമ്മിഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. കശ്‌മീരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതായിരുന്നു അമിത് ഷായുടെ റാലി. ജമ്മു കശ്‌മീരില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുകൊണ്ടാണ് ഇത്തരത്തിലുള്ള സംവരണം നല്‍കാന്‍ സാധിക്കുന്നതെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇനി മുതല്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും അദിവാസികള്‍ക്കും പഹാരികള്‍ക്കും അവരുടെ അവകാശങ്ങള്‍ ലഭ്യമാവുമെന്ന് അമിത് ഷാ പറഞ്ഞു.
ജമ്മു കശ്‌മീരില്‍ ആറ് ലക്ഷം പഹാരികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 55 ശതമാനം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളവരും ബാക്കി മുസ്‌ലിം വിഭാഗത്തില്‍ നിന്നുമാണ്. അതേസമയം പഹാരികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ ഗുജ്ജര്‍, ബകര്‍വാള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഗുജ്ജര്‍, ബകര്‍വാള്‍ വിഭാഗങ്ങള്‍ക്ക് നിലവില്‍ പട്ടികവര്‍ഗ പദവിയുണ്ട്.
ഭാഷയുടെ പേരില്‍ മാത്രം പഹാരി വിഭാഗത്തില്‍ നിന്നുള്ള മുന്നാക്കക്കാരായ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും സംവരണം ലഭിക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്ന് ഇവര്‍ വാദിക്കുന്നു. നിലവില്‍ പട്ടിക വിഭാഗത്തില്‍പ്പെടുന്നവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തണമെന്നും റാലിയില്‍ പങ്കെടുത്ത ജനക്കൂട്ടത്തോടായി അമിത് ഷാ ആവശ്യപ്പെട്ടു.