ഹൈദരാബാദ് : വിദേശ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് അമിത് മാളവ്യ. രാഹുല്‍ ഗാന്ധി എന്തിനാണ് ഇത്രയുമധികം സമയം വിദേശത്ത് ചിലവഴിക്കുന്നത് എന്ന് ചോദിച്ച അമിത് മാളവ്യ കോണ്‍ഗ്രസ് നേതാവിന്‍റെ യാത്രകള്‍ക്ക് പിന്നില്‍ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ബിജെപി നേതാവിന്‍റെ വിമര്‍ശനം.
രാഹുല്‍ തിരിക്കുന്നത് നരേന്ദ്ര മോദി യുഎസില്‍ എത്തുന്ന ദിവസം : അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും ഭാര്യ ജില്‍ ബൈഡന്‍റെയും ക്ഷണപ്രകാരം അഞ്ച് ദിവസത്തെ സന്ദര്‍ശത്തിന് മോദി അമേരിക്കയില്‍ എത്തുന്ന അന്നേ ദിവസം തന്നെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലേക്ക് തിരിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമായി വിദേശ ഏജന്‍സികളുമായും ഗ്രൂപ്പുകളുമായും രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്നതടക്കമാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാളവ്യ ഉന്നയിച്ചിരിക്കുന്നത്.
'വിദേശ ഏജന്‍സികളുമായും ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശശുദ്ധിയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്' - മാളവ്യ ട്വിറ്ററില്‍ കുറിച്ചു. മെയ് മാസം അവസാനമാണ് രാഹുല്‍ ഗാന്ധി യുഎസില്‍ പോയത്. ശേഷം, അദ്ദേഹം വിദേശികളായ ഇന്ത്യക്കാര്‍, വ്യവസായ പ്രമുഖര്‍, ടെക് എക്‌സിക്യുട്ടീവ്സ്, വിദ്യാര്‍ഥികള്‍ എന്നിവരുമായി സംവദിച്ചിരുന്നു.
ബിജെപിക്കെതിരെ ഒന്നിക്കാന്‍ പ്രതിപക്ഷം : വെള്ളിയാഴ്‌ച (ജൂണ്‍ 23) പട്‌നയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന്‍റെ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ്. ജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പ്രഖ്യാപിച്ച യോഗത്തില്‍ ഒഡിഷ മുഖ്യമന്ത്രി ബിജു പട്‌നായിക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവും ഒഴികെ ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കുമെന്നതാണ് റിപ്പോര്‍ട്ട്.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ മുന്നണി രൂപീകരിക്കുക എന്നതാണ് യോഗം ലക്ഷ്യമിടുന്നത്. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വകാര്യതയ്‌ക്ക് നേരെ കടന്നുകയറ്റമുണ്ടെന്ന് രാഹുല്‍ ഗാന്ധി : അതേസമയം, തന്‍റെ ഫോണ്‍ ടാപ്പ് ചെയ്യുന്നുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. യുഎസിലുള്ള സിലിക്കൺ വാലി ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പ് സംരംഭകരുമായി ഡാറ്റ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ തന്‍റെ സ്വകാര്യതയ്‌ക്ക് നേരെ കടന്നുകയറ്റമുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിലും അത്യാധുനിക സാങ്കേതിക വിദ്യകളിലും മുഴുകിയ സംരംഭകരുമായി ഈ വിഷയത്തിലും അദ്ദേഹം സംവദിച്ചു.
പുതിയ കണ്ടെത്തലാണ് ഡാറ്റ, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ അതിന്‍റെ യഥാർഥ സാധ്യതകൾ തിരിച്ചറിഞ്ഞിട്ടുണ്ട് . എന്നാല്‍ ഡാറ്റ ഭദ്രതയ്‌ക്കും സുരക്ഷയ്‌ക്കും ഉചിതമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.