റായ്പൂർ: സംസ്ഥാനത്ത് റായ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രാത്രി ഒമ്പത് മണിക്ക് ശേഷം കടകൾക്ക് തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കടകളുടെ പ്രവർത്തനം രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെയാക്കി ചുരുക്കിയെന്നും റെസ്റ്റോറന്‍റുകള്‍, ധാബകൾ, ഹോട്ടലുകൾ എന്നിവക്ക് രാവിലെ എട്ട് മുതൽ രാത്രി 10 വരെ പ്രവർത്തിക്കാമെന്നും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പെട്രോൾ പമ്പുകളെയും മെഡിക്കൽ സ്റ്റോറുകളെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റായ്പൂരിൽ കടകളിൽ വരുന്നവർക്ക് മാസ്ക് നിർബന്ധമാക്കി. സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മാനദണ്ഡങ്ങളും കർശനമായി പാലിക്കണം. കണ്ടെയ്ൻമെന്‍റ് സോണുകളിൽ എല്ലാത്തരം വാണിജ്യ സ്ഥാപനങ്ങൾക്കും നിയന്ത്രണമുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി. ദുർഗ്, ഗൗരേല- പെന്ദ്ര-മർവാഹി, സുക്മ, റായ്ഗഡ്, കോർബ, മുംഗെലി തുടങ്ങിയ ജില്ലകളിലും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് 3,41,516 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 4,096 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ റായ്പൂർ, ദുർഗ്, ബസ്തർ, രാജ്‌നന്ദ്‌ഗാവ്, ബിലാസ്പൂർ തുടങ്ങിയ ജില്ലകളിൽ സിആർപിസി സെക്ഷൻ 144 ഏർപ്പെടുത്തിയിട്ടുണ്ട്.