മുംബൈ: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാഗ്പൂരിൽ ഡോകടർന്മാരുടെ പ്രതിഷേധം. മെഡിക്കൽ ഉപകരണങ്ങളുടെ അഭാവത്തിൽ സർക്കാരും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. ഗവൺമെന്‍റ് മെഡിക്കൽ കോളജ്, നാഗ്‌പൂർ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്‌ടർന്മാരാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
രോഗികളുടെ ആശങ്ക അറിയിക്കുന്നതിനൊപ്പം ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ ഉന്നയിക്കാനുമാണ് പ്രതിഷേധമെന്ന് ഡോക്‌ടർ സജ്ജൽ ബൻസൽ പറഞ്ഞു. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യുമ്പോൾ ജില്ലയിലെ ആശുപത്രികളിൽ കിടക്കകൾ, വെന്‍റിലേറ്ററുകൾ, ഓക്‌സിജൻ എന്നിവയുടെ കുറവുണ്ടെന്ന് ഡോക്‌ടർന്മാർ പറയുന്നു. ഞങ്ങളുടെ നിസ്സഹായതയാണ് പ്രതിഷേധത്തിലൂടെ അറിയിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ഒരു മാസമായി സാഹചര്യങ്ങൾ വഷളാകുകയാണെന്നും ഈ സാഹചര്യത്തിൽ നിന്ന് ശാശ്വത പരിഹാരമാണ് ആവശ്യപ്പെടുന്നതെന്നും ബൻസൽ പറഞ്ഞു.
ഈ പ്രതിഷേധം ഒരു അസോസിയേഷന്‍റെയും പ്രചോദനത്തെ തുടർന്നല്ല സംഘടിപ്പിച്ചത്. ഇത് ദുരിതമനുഭവിക്കുന്ന രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടിയുള്ളതാണ്. മഹാരാഷ്‌ട്രയിൽ പുതുതായി 55,411 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 309 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.