സണ്ണി ഡിയോളിന്‍റേതായി Sunny Deol റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ഗദര്‍ 2' Gadar 2. നീണ്ട ഇടവേളയ്‌ക്ക് ശേഷം 'ഗദര്‍ 2'വിലൂടെ അമീഷ പട്ടേല്‍ Ameesha Patel വീണ്ടും സിനിമയില്‍ തിരിച്ചെത്തുകയാണ്. സക്കീന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമീഷ പട്ടേല്‍ അവതരിപ്പിക്കുന്നത്. താരാ സിങ് എന്ന കഥാപാത്രത്തെ സണ്ണി ഡിയോളും അവതരിപ്പിക്കും.
'ഗദര്‍ 2' റിലീസിനോടടുക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് സുഖകരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവരുന്നത്. 'ഗദര്‍ 2' സെറ്റിലെ ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് അമീഷ പട്ടേല്‍. സെറ്റിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി സംവിധായകൻ അനിൽ ശർമ്മയേയും അദ്ദേഹത്തിന്‍റെ പ്രൊഡക്ഷൻ സ്‌റ്റാഫിനേയും കുറ്റപ്പെടുത്തിയാണ് നടി രംഗത്തെത്തിയിരിക്കുന്നത്.
മെയില്‍ ചണ്ഡീഗഡില്‍ വച്ചായിരുന്നു 'ഗദര്‍ 2'ന്‍റെ അവസാന ഷെഡ്യൂള്‍. അവസാന ഷെഡ്യൂളിനിടെ അനിൽ ശർമ്മ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് അമീഷ പട്ടേല്‍ ആരാധകരുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അമീഷയുടെ പ്രതികരണം.
എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ സീ സ്‌റ്റുഡിയോസ് പരിഹരിച്ചിരുന്നു. ടീമിന്‍റെ പ്രശ്‌നങ്ങൾ പരിഹരിച്ച സീ സ്‌റ്റുഡിയോയോട് അമീഷ പട്ടേല്‍ നന്ദിയും രേഖപ്പെടുത്തി. നിരവധി ട്വീറ്റുകളായാണ് നടി പ്രതികരിച്ചിരിക്കുന്നത്.
Also Read: താര സിങായി സണ്ണി ഡിയോൾ; 'ഗദർ 2' ടീസറെത്തി, പ്രതീക്ഷയോടെ ആരാധകർ
സിനിമയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശമ്പളം നല്‍കാത്തതിനെ കുറിച്ചും, സീ സ്‌റ്റുഡിയോസ് അവ നല്‍കിയതിനെ കുറിച്ചും അമീഷ തന്‍റെ ട്വീറ്റുകളില്‍ പരാമര്‍ശിച്ചു. 'ഗദര്‍ 2' നിര്‍മാതാക്കളില്‍ നിന്നുണ്ടായ വെല്ലുവിളികളെ കുറിച്ചും നടി ട്വീറ്റ് ചെയ്‌തു. നിരവധി അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും യാത്രാസൗകര്യം ഒരുക്കുന്നതിൽ നിര്‍മാതാക്കള്‍ അവഗണന കാണിച്ചെന്നും അമീഷ പറഞ്ഞു. ചണ്ഡീഗഡിൽ 'ഗദർ 2'ന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ മോശം രീതികള്‍ക്കെതിരെ അനിൽ ശർമ്മ പ്രൊഡക്ഷൻസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നതാണ് അമീഷയുടെ ആദ്യ ട്വീറ്റ്.
'മേക്കപ്പ് ആർട്ടിസ്‌റ്റുകൾ, കോസ്റ്റ്യൂം ഡിസൈനർമാർ തുടങ്ങി സിനിമയിലെ പല സാങ്കേതിക വിദഗ്‌ദർക്കും അനിൽ ശർമ്മ പ്രൊഡക്ഷൻസിൽ നിന്നും അർഹമായ പ്രതിഫലവും കുടിശ്ശികയും ലഭിച്ചിട്ടില്ലെന്ന് പരാതികള്‍ ഉണ്ടായിരുന്നു!! അതെ അവർ ചെയ്‌തില്ല!! എന്നാല്‍ വളരെ പ്രൊഫഷണൽ കമ്പനി എന്ന നിലയിൽ, സീ സ്‌റ്റുഡിയോസ് ഇടപെട്ട് എല്ലാ കുടിശ്ശികകളും അടച്ചു തീര്‍ത്തുവെന്ന് ഉറപ്പുവരുത്തി.' - ഇപ്രകാരമായിരുന്നു അമീഷ രണ്ടാമത്തെ ട്വീറ്റ്.
'ചിത്രീകരണത്തന്‍റെ അവസാന ദിവത്തില്‍, വിമാനത്താവളത്തിലേക്ക് പോകുന്നതിനുള്ള യാത്രാസൗകര്യം, ഭക്ഷണ ബില്ലുകൾ അടയ്ക്കാതെ പോയത് ഉള്‍പ്പെടെ, ചില അഭിനേതാക്കൾക്കും സ്‌റ്റാഫുകള്‍ക്കും കാര്‍ നൽകാതെ പോയത് വരെ! എന്നാൽ വീണ്ടും സീ സ്‌റ്റുഡിയോസ് ഇടപെട്ട് അനിൽ ശർമ്മ മൂലമുണ്ടായ ഈ പ്രശ്‌നങ്ങൾ തിരുത്തി.' - മറ്റൊരു ട്വീറ്റില്‍ അമീഷ കുറിച്ചു.
'അനിൽ ശർമ്മ പ്രൊഡക്ഷൻസ് ആണ് ഗദർ 2ന്‍റെ നിർമ്മാണം നിര്‍വഹിച്ചിരിക്കുന്നതെന്ന് സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും അറിയാം. എന്നാല്‍ നിർഭാഗ്യവശാൽ നിരവധി തവണ ഇവരില്‍ നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായി. എന്നാല്‍ എല്ലായിപ്പോഴും സീ സ്‌റ്റുഡിയോസ് പ്രശ്‌നങ്ങൾ പരിഹരിച്ചു!! സീ സ്‌റ്റുഡിയോസിന് പ്രത്യേക നന്ദി, പ്രത്യേകിച്ച് ഷാരിഖ് പട്ടേൽ, നീരജ് ജോഷി, കബീർ ഘോഷ്, നിശ്‌ചിത് എന്നിവര്‍ക്ക്. ഈ സീ ടീം വളരെ മികച്ചതാണ്.' - ഇപ്രകാരമായിരുന്നു അമീഷയുടെ അവസാനത്തെ ട്വീറ്റ്.
2001ൽ റിലീസായ 'ഗദർ: ഏക് പ്രേം കഥ'യുടെ തുടർച്ചയാണ് 'ഗദർ 2'. അനിൽ ശർമ്മ സംവിധാനം ചെയ്‌ത ചിത്രം ഓഗസ്‌റ്റ് 11നാണ് തിയേറ്ററുകളിൽ എത്തുക. ഉത്കർഷ് ശർമ്മ, സിമ്രത് കൗർ, ലവ് സിൻഹ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അക്ഷയ് കുമാറിന്‍റെ 'ഓ മൈ ഗോഡ് 2' നോട് ഏറ്റുമുട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് 'ഗദർ 2'.
Also Read: 2018ലെ ചെക്ക് കേസ് : അമീഷ പട്ടേല്‍ കോടതിയില്‍ ഹാജരായില്ല