മുംബൈ : രാജ്യത്ത് ഒരു കാലത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ അഭിമാനവും ആഡംബരവുമായിരുന്നു അംബാസഡർ കാറുകൾ. ഇപ്പോൾ ആധുനിക മോഡലുകളിലുള്ള കാറുകൾ വന്നതോടെ അംബാസഡർ കാറുകൾ അപ്രത്യക്ഷമായെങ്കിലും ഇന്നും പലരുടേയും ഓർമകളിൽ അത് നിറഞ്ഞുനിൽക്കുന്നുണ്ട്. ഇത്തരത്തിൽ സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിൽ ഒരു കാലത്ത് സൂപ്പർ ഹീറോയായിരുന്ന ഒരു അംബാസഡർ കാറിന്‍റെ 35 വർഷത്തെ സേവനത്തിന് പര്യവസാനമാവുകയാണ്.
വർഷങ്ങളായി എംഎഫ്എ-7651 എന്ന അംബാസഡർ കാറിനെ നയിക്കുന്ന ഡ്രൈവർ മുതുപാണ്ടി ആണ്ടി നാടാറും അടുത്ത ദിവസങ്ങളിൽ തന്നെ വിരമിക്കും. ഇപ്പോൾ ഇവർക്ക് രണ്ടുപേർക്കും വർണാഭമായ യാത്രയയപ്പ് നൽകിയിരിക്കുകയാണ് മുംബൈ ഡിവിഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും. ബലൂണുകളും റിബണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച് സുന്ദരിയാക്കിയാണ് കാറിനെ യാത്രയാക്കിയത്.
35 വർഷത്തെ സേവനം : 1960 കളിലും 1970 കളിലും ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്നത് ഹിന്ദുസ്ഥാൻ അംബാസഡർ എന്ന ഫോർ വീലർ കാറുകളായിരുന്നു. അക്കാലത്തെ ഏറ്റവും ജനപ്രീതിയുള്ള കാറുകളിൽ ഒന്നായിരുന്നു അംബാസഡർ. രാഷ്ട്രീയക്കാർ, വ്യവസായികൾ, അഭിനേതാക്കൾ, മറ്റ് സെലിബ്രിറ്റികൾ എന്നിവർക്ക് ആഡംബരത്തിന്‍റെ അവസാന വാക്കായിരുന്നു അവ. റെയിൽവേ ഉദ്യോഗസ്ഥർക്കായുള്ള സേവനത്തിനും അംബാസഡർ വളരെയധികം ഉപയോഗിച്ചുവന്നിരുന്നു.
സെൻട്രൽ റെയിൽവേയുടെ കണക്കനുസരിച്ച് 1985 ജനുവരി 22-നാണ് വെള്ള നിറത്തിലുള്ള കാര്‍ സർവീസിന്‍റെ ഭാഗമായത്. അന്ന് മുതൽ ഈ കാറിനെ നയിച്ചിരുന്നത് മുതു പാണ്ടി ആണ്ടി നാടാർ ആയിരുന്നു. അന്നുമുതൽ സെൻട്രൽ റെയിൽവേയിലെ കൊമേഴ്‌സ്യൽ മാനേജർമാർക്കായി കാർ സർവീസ് നടത്തി വരികയായിരുന്നു. 35 വർഷത്തെ സർവീസിനിടെ 16 മാനേജർമാർക്കുവേണ്ടി ഈ വാഹനം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
വർണാഭമായ യാത്രയയപ്പ് : സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷനിലെ അംബാസഡർ കാറിന്‍റെ അവസാന ദിനം ആഘോഷമാക്കാൻ സാധിച്ചത് മറക്കാനാകാത്ത അനുഭവമാണെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശിവാജി സുതാർ ഇടിവി ഭാരതിനോട് പറഞ്ഞു. 35 വർഷമായി നിരവധി പേർക്കായി ഇത് സേവനം നടത്തിവരികയായിരുന്നു.
ഇന്ന് ചരിത്ര സ്‌മരണയായി മാറുന്ന ഈ കാറിനോട് അധികാരികൾ നിറ കണ്ണുകളോടെയാണ് വിടപറഞ്ഞത്. വാഹനത്തിന്‍റെ ഡ്രൈവറും പരിപാലകനുമായ മുതു പാണ്ടി ആണ്ടി നാടാരും വിരമിക്കുന്നു. ഡിവിഷനിലെ ഈ അവസാന കാര്‍ നാളെ തന്നെ സെൻട്രൽ റെയിൽവേസ് കറി റോഡ് ഡിപ്പോയിൽ സ്‌ക്രാപ്പിനായി അയയ്ക്കാനാണ് തീരുമാനം - ശിവാജി സുതാർ വ്യക്‌തമാക്കി.
ഒരുപാട് ഓർമകൾ - മുതു പാണ്ടി ആണ്ടി നാടാർ : 35 വർഷമായി ഞാൻ ഈ അംബാസഡർ കാറിനോടൊപ്പമായിരുന്നു എന്‍റെ ജീവിതം. ഈ 35 വർഷത്തിനിടെ എനിക്ക് ഒരു പാട് നല്ല ഓർമകള്‍ ഈ കാർ സമ്മാനിച്ചു. എന്‍റെ ഈ കാർ ഇതുവരെ ഒരു അപകടവും നേരിട്ടിട്ടില്ല, ഇതുവരെ പാതി വഴിയിൽ നിന്നിട്ടില്ല. എനിക്ക് മികച്ച അനുഭവം മാത്രമാണ് സമ്മാനിച്ചിട്ടുള്ളത് - മുതു പാണ്ടി ആണ്ടി നാടാർ പറഞ്ഞു.