ന്യൂഡൽഹി: അംബാനിയുടെ വീടിന് സമീപം വാഹനത്തിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തിഹാർ ജയിലിലെത്തി. ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനായ തിഹാർ ജയിലിൽ കഴിയുന്ന തഹ്‌സീൻ അഖ്ത്തറിൽ നിന്ന് ഫോണും സിം കാർഡും കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് എസ്‌ഐടി സംഘം ജയിലിലെത്തിയത്. ഫോണിൽ 'ജെയ്‌ഷ് ഇൽ ഹിന്ദ്' എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് എസ്‌ഐടി സംഘത്തിന്‍റെ സന്ദർശനം.
ടെലഗ്രാം ഗ്രൂപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ തീവ്രവാദ ബന്ധവും എസ്‌ഐടി സംശയിക്കുന്നുണ്ട്. ഫെബ്രുവരി 26നാണ് ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതെന്നും അംബാനിയുടെ വീടിന് പുറത്ത് കണ്ട സ്‌ഫോടക വസ്‌തുക്കളുള്ള വാഹനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത സന്ദേശത്തിന്‍റെയും ബന്ധം എസ്‌ഐടി അന്വേഷിക്കുകയാണ്. ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വവും ജെയ്‌ഷ് ഇൽ ഹിന്ദ് ഏറ്റെടുത്തിരുന്നു.