ഗ്വാളിയോർ: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ (Indias freedom struggle) വിസ്മരിക്കാനാകാത്ത പേരാണ് അമർ ചന്ദ്ര ബന്തിയയുടേത് (Amar Chandra Banthia). ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ പോരാട്ടം നടത്തിയ ഝാൻസിയിലെ റാണി ലക്ഷ്മിഭായിക്ക് (Rani Laxmibai of Jhansi ) നിര്‍ണായക ഘട്ടത്തില്‍ സഹായം നല്‍കിയ അദ്ദേഹം സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ കണ്ണിയാകുകയായിരുന്നു.
സിന്ധ്യ രാജവംശം ഭരിച്ചിരുന്ന ഗ്വാളിയോർ നാട്ടുരാജ്യത്തിന്‍റെ ട്രഷററായിരുന്നു അമർ ചന്ദ്ര ബന്തിയ. 1857-ൽ കൊളോണിയൽ ആധിപത്യത്തിനെതിരെ രാജ്യത്ത് സമരം ശക്തമായിരുന്നു. ഇതിനിടെ വൈദേശിക ആധിപത്യത്തിനെതിരെ പോരാടാന്‍ അമര്‍ ചന്ദ്രയോടും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബ്രിട്ടീഷുകാർക്കെതിരെ പോരാടാനുള്ള തന്‍റെ മാർഗം ആയുധമെടുത്തുള്ള വഴിയല്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സമയം വരുമ്പോൾ തന്‍റേതായ സംഭാവനകള്‍ നൽകുമെന്നും അദ്ദേഹം അവരെ അറയിച്ചു. അന്ന് സ്വാതന്ത്ര്യ സമര സേനാനികൾ തന്നെ അഭിനന്ദിക്കുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
ജനനം ബിക്കാനീറില്‍
1793-ൽ രാജസ്ഥാനിലെ ബിക്കാനീറിലായിരുന്നു അമർ ചന്ദ്ര ബന്തിയയുടെ ജനനം. രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ചെറുപ്പം തൊട്ടേ ആദ്ദേഹത്തിന് ആഗ്രഹം ഉണ്ടായിരുന്നു. ബിക്കാനീറിലെ ഒരു ധനികവ്യാപാരി കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്‍റെ ജീവിതം പക്ഷെ പൊടുന്നനെയാണ് മാറിമറിഞ്ഞത്. പിതാവിന്‍റെ വ്യാപാരം പെട്ടെന്ന് തകര്‍ന്നു. ഇതോടെ അദ്ദേഹവും കുടുംബവും ബിക്കാനീറില്‍ നിന്നും ഗ്വാളിയാറിലേക്ക് താമസം മാറ്റേണ്ടിവന്നു.
അന്നത്തെ ഗ്വാളിയോർ മഹാരാജാവ് അമര്‍ ചന്ദ്രയുടെ കുടുംബത്തിന് അഭയം നൽകി. തന്‍റെ നാട്ടുരാജ്യത്ത് വ്യാപാരം പുനഃരാരംഭിക്കാൻ അദ്ദേഹത്തോട് ഉപദേശിക്കുകയും ചെയ്തു. വ്യാപാര രംഗത്ത് കഠിനാധ്വാനം ചെയ്ത അദ്ദേഹത്തിന് ഒടുവില്‍ ഫലം ലഭിച്ചു. വ്യാപാരത്തോടൊപ്പം കുടുംബത്തിന്‍റെ സല്‍പ്പേരും സത്യസന്ധതയും രാജ്യത്ത് എല്ലാവരും ചര്‍ച്ച ചെയ്തുതുടങ്ങി.
കച്ചവടക്കാരനില്‍ നിന്ന് രാജ്യ സേവകനിലേക്ക്
സാമ്പത്തിക കാര്യങ്ങളിൽ അമർ ചന്ദ്രയുടെ വൈദഗ്‌ധ്യം ഗ്വാളിയോറിലെ ഭരണാധികാരികളുടെ ശ്രദ്ധ ആകർഷിച്ചു. ഗ്വാളിയോറിലെ ജയാജിറാവു സിന്ധ്യ എന്ന രാജാവ് അദ്ദേഹത്തെ നാട്ടുരാജ്യത്തിന്‍റെ ട്രഷററായി നിയമിക്കുകയും ചെയ്തു. ഗ്വാളിയോറിലെ രാജവംശങ്ങള്‍ സമ്പത്ത് നിധികളാക്കി ഒളിപ്പിച്ചുവച്ചിരുന്നു. ഈ രഹസ്യങ്ങള്‍ അറിയാവുന്നവര്‍ വളരെ കുറവുമായിരുന്നു.
ഇത്തരത്തില്‍ രാജാക്കന്മാര്‍ സൂക്ഷിച്ചിരുന്ന നിധികളുടെ സംരക്ഷണവും മേല്‍നോട്ടവും സുരക്ഷയും ഒടുവില്‍ അമര്‍ ചന്ദ്രയുടെ കൂടി നിയന്ത്രണത്തിലായി. വലിയ ഉത്തരവാദിത്വാണ് ഇതോടെ അദ്ദേഹത്തില്‍ വന്നുചേര്‍ന്നത്. ഇതിനിടെ വൈദേശിക ആധിപത്യത്തിനെതിരെ പോരാടാന്‍ അദ്ദേഹത്തിലെ രാജ്യ സ്നേഹി ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് കൊളോണിയല്‍ ആധിപത്യത്തെ എതിരിടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്.
ഝാന്‍സി ലക്ഷ്മി ഭായിയെ തുണച്ച് നിര്‍ണായക ഇടപെടല്‍
1857-ൽ ഝാൻസിയിലെ റാണി ലക്ഷ്മിഭായി ബ്രിട്ടീഷ് സൈന്യത്തെ നേരിടാൻ തീരുമാനിച്ച സമയമായിരുന്നു അത്. ഝാൻസിക്ക് സമീപം ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയ എല്ലാ നാട്ടുരാജ്യങ്ങളെയും അവൾ ആക്രമിച്ച് കീഴ്‌പ്പെടുത്തി. ഒടുവില്‍ ഗ്വാളിയോറും ഝാന്‍സിറാണി പിടിച്ചെടുത്തു. ഇതിനിടെ ഝാന്‍സിയുടെ പക്കലുണ്ടായിരുന്ന സമ്പത്തും ആയുധങ്ങളും നഷ്ടപ്പെട്ടിരുന്നു.
പണത്തിന്‍റെ ക്ഷാമം കാരണം മാസങ്ങളായി സൈനികർക്ക് ശമ്പളം പോലും നല്‍കാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു. ഭക്ഷണപാനീയങ്ങളുടെ വിതരണവും ഏതാണ്ട് നിലച്ചിരുന്നു. ഈ സാഹചര്യം മനസിലാക്കിയ അമര്‍ ചന്ദ്ര തന്‍റെ ബാല്യകാല ആഗ്രഹം നിറവേറ്റാനുമുള്ള സമയമാണെന്ന് തീരുമാനിച്ചു. പണത്തിന്‍റെ അഭാവം മൂലം സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം തകരരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഗ്വാളിയോറിലെ മുഴുവൻ നിധിയും ട്രഷറിയിലെ പണവും അദ്ദഹം റാണി ലക്ഷ്മി ഭായിക്ക് കൈമാറി.
എന്നാൽ ആ പ്രവൃത്തി തന്‍റെ ജീവൻ നഷ്ടപ്പെടുത്തുമെന്ന് അമർ ചന്ദ്രയ്ക്ക് നന്നായി അറിയാമായിരുന്നു. വിവരമറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. റാണി ലക്ഷ്മിഭായി രക്തസാക്ഷിയായ ജൂൺ 18 ന് നാലുനാളിപ്പുറം അമർ ചന്ദ്രയെ രാജ്യദ്രോഹ കുറ്റത്തിന് വിചാരണ ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
Also Read: കൊളോണിയൽ ശക്തികൾക്കെതിരെ പോരാടിയ കർണാടകയുടെ ധീര രാജ്ഞിമാർ
സറഫ ബസാറിലെ മരത്തിൽ അദ്ദേഹത്തെ ബ്രട്ടീഷ് പട്ടാളം തൂക്കിക്കൊന്നു. പൊതു ജനങ്ങളില്‍ ഭയം ജനിപ്പിക്കാനായി ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ മൃതശരീരം മൂന്ന് ദിവസം മരത്തില്‍ തൂക്കിയിട്ടു. എന്നാല്‍ ഇന്നും ഗ്വാളിയോറിലെ ബുള്ളിയൻ മാർക്കറ്റിനടത്ത് അദ്ദേഹത്തെ തൂക്കിക്കൊന്ന അതേ മരത്തിന്‍റെ ചുവട്ടിൽ അമർ ചന്ദ്ര ബന്തിയയുടെ പ്രതിമയുണ്ട്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അദ്ദേഹത്തിന്‍റെ ത്യാഗത്തിന്‍റെ ഓര്‍മ ഇവിടെയെത്തുന്നവരില്‍ ഇരമ്പും.