ന്യൂഡൽഹി: കൊവിഡ് പകർച്ചവ്യാധി മൂലം നിർത്തേണ്ടി വന്ന ട്രെയിൻ സർവീസുകൾ പുനരാരംഭിച്ച് ഇന്ത്യൻ റെയിൽവേ. മെയിൽ / എക്‌സ്‌പ്രസ് ട്രെയിനുകളുടെ 78 ശതമാനം സർവീസ് ഇതിനകം പുനരാരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ 1381 മെയിൽ / എക്‌സ്‌പ്രസ് ട്രെയിനുകൾ ഒരു ദിവസം സർവീസ് നടത്തുന്നുണ്ട്. കൊവിഡിന് മുമ്പ് 1768 സർവീസുകളായിരുന്നു ഉണ്ടായിരുന്നത്.
ഇതിനുപുറമെ 91 ശതമാനം സബർബൻ ട്രെയിനുകളും 21 ശതമാനം പാസഞ്ചർ ട്രെയിനുകളും മെമു, ഡിഎംയു, ഇഎംയു ഉൾപ്പെടെ സർവീസ് പുനരാരംഭിച്ചു. നോർത്തേൺ റെയിൽവേയുടെ കീഴിലുള്ള ട്രെയിനുകൾ ഏപ്രിൽ അഞ്ച് മുതൽ 17 വരെ സർവീസ് നടത്തും. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു. എന്നാൽ പല സംസ്ഥാനങ്ങളിലും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലോ ട്രെയിനിലോ തിരക്ക് വർധിക്കുന്ന സാഹചര്യങ്ങൾ ഇല്ലെന്നും മന്ത്രാലയം അറിയിച്ചു.