മുംബൈ: തെന്നിന്ത്യയിലൊട്ടാകെ ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. താരത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം 'പുഷ്‌പ: ദ റൈസ്' ബോക്‌സ് ഓഫിസ് കളക്‌ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുകയാണ്. കൊവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിങ് ഗ്രോസര്‍ എന്ന റെക്കോഡും റിലീസ് ചെയ്‌ത് ആദ്യ ദിനം തന്നെ ചിത്രം നേടിയിരുന്നു.
ഡിസംബർ 17 ന് റിലീസ് ചെയ്‌ത ചിത്രം ലോകമെമ്പാടുമായി 300 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയത്. ഇപ്പോഴിതാ ആരാധകര്‍ക്ക് പുതിയ സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടന്‍ അല്ലു അര്‍ജുന്‍. തനിക്ക് ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള ഓഫർ ലഭിച്ചിട്ടുണ്ടെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.
പുഷ്‌പയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡ് അരങ്ങേറ്റക്കുറിച്ച് താരം മനസ് തുറന്നത്. നല്ല പ്രൊജക്‌റ്റുകള്‍ വന്നാല്‍ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. 'എനിക്ക് ഒരു ഓഫർ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആ പ്രൊജക്‌റ്റില്‍ ആവേശകരമായ ഒന്നുമില്ല. ഉടൻ അത് (ഹിന്ദി ചിത്രത്തില്‍ അഭിനയിയ്ക്കുന്നത്) സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു', താരം മനസുതുറന്നു.
മറ്റൊരു ഇന്‍ഡസ്‌ട്രിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ റിസ്‌ക്കുണ്ടെന്നും അതിന് ധൈര്യം ആവശ്യമാണെന്നും തെന്നിന്ത്യന്‍ സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു. പ്രശസ്‌ത നിർമാതാവായ അല്ലു അരവിന്ദിന്‍റെ മകനായ അല്ലു അര്‍ജുന്‍ ബണ്ണി, ആര്യ, ദേശമുതുരു, പരുഗു, അല വൈകുണ്‌ഠപുരമുലു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്.
തെലുങ്ക് ചലച്ചിത്രമേഖലയിൽ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ തനിക്ക് ഹിന്ദിയില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ സഹനടനായി അഭിനയിയ്ക്കാന്‍ താൽപ്പര്യമില്ലെന്ന് അല്ലു അർജുൻ പറഞ്ഞു. ഹിന്ദിയില്‍ അഭിനയിക്കുകയാണെങ്കില്‍ നായക വേഷം മാത്രമേ ചെയ്യൂവെന്നും താരം വ്യക്തമാക്കി.
'തെലുങ്ക് ചിത്രങ്ങളില്‍ നായക വേഷങ്ങള്‍ ചെയ്യുന്ന എന്‍റെ അടുത്ത് നായക കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഓഫറുമായി മാത്രമേ മറ്റുള്ളവര്‍ വരൂ, എനിക്ക് മറ്റൊന്നിലും താൽപ്പര്യമില്ല. വലിയ താരങ്ങളുടെ അടുത്ത് നായക വേഷമല്ലാത്ത മറ്റ് വേഷങ്ങള്‍ ചെയ്യാൻ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല', അല്ലു അര്‍ജുന്‍ പറഞ്ഞു.
പുഷ്‌പയുടെ ഹിന്ദി മൊഴിമാറ്റ പതിപ്പിൽ നിന്ന് 56.69 കോടി രൂപയാണ് ലഭിച്ചത്. അല്ലു അര്‍ജുന്‍ നായക വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ആര്യ, ആര്യ 2 ഒരുക്കിയ സുകുമാർ തന്നെയാണ് പുഷ്‌പയുടേയും സംവിധായകന്‍. ഹിന്ദിക്ക് പുറമേ തമിഴ്, മലയാളം, കന്നഡ ഭാഷകളിലും മൊഴിമാറ്റി ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.
അതേസമയം, അല്ലു അര്‍ജുന്‍റെ 2020 ആക്ഷൻ ഡ്രാമയായ അലാ വൈകുണ്‌ഠപുരമുലൂ എന്ന ചിത്രം ഹിന്ദിയിലേക്ക് ഷെഹ്സാദ എന്ന പേരിൽ ബോളിവുഡ് താരം കാർത്തിക് ആര്യനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Also read: പ്രഭാസിന്‍റെ രാധേ ശ്യാമിന് ഒമിക്രോൺ പേടിയില്ല, റിലീസ് മാറ്റില്ലെന്ന് അണിയറക്കാർ