പോര്‍ട്ട്ബ്ലേയര്‍(ആന്തമാന്‍): ഇന്ത്യൻ വ്യോമസേനയുടെ താവളങ്ങളില്‍ ഒന്നായ പോര്‍ട്ട് ബ്ലയര്‍ വിമാനത്താവളത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് അലയന്‍സ് എയറിന്‍റെ പൈലറ്റിനെ കസ്റ്റഡിയില്‍ എടുത്ത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍. പൈലറ്റിനെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് അലയന്‍സ് എയര്‍ലൈന്‍ അറിയിച്ചു. പൈലറ്റുമാരുടെ ഇത്തരം നടപടികളെ ഗൗരവത്തോടെയാണ് കമ്പനി കാണുന്നതെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പൈലറ്റിനെ താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും അലയന്‍സ് എയര്‍ലൈന്‍ അറിയിച്ചു.
നിയമപ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും നയങ്ങളും എയര്‍ലൈന്‍ പാലിക്കുമെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഭാവിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തും. തങ്ങളുടെ യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു എന്നും അലയന്‍സ് എയര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
പോര്‍ട്ട്ബ്ലയര്‍ വിമാനത്താവളം നേവി എയര്‍ഫീല്‍ഡ് ആയതിനാല്‍ ഇതിന്‍റെ ചിത്രങ്ങള്‍ എടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പോര്‍ട്ട്‌ബ്ലെയര്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ട്വീറ്റിലൂടെ അറിയിച്ചു.