ലഖ്‌നൗ: ഖുർആൻ അനുസരിച്ച് ഒരു മുസ്‌ലിം പുരുഷന് തന്‍റെ ആദ്യ ഭാര്യയേയും കുട്ടികളെയും പരിപാലിക്കാൻ കഴിയുമെങ്കിൽ മാത്രമേ രണ്ടാം വിവാഹം ചെയ്യാൻ അവകാശമുള്ളൂ എന്ന് അലഹബാദ് ഹൈക്കോടതി. തിങ്കളാഴ്‌ച അസീസുർ റഹ്മാൻ എന്ന വ്യക്തി രണ്ടു വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവെയാണ് ഈ സുപ്രധാന വിധി. ഖുർആനിലെ നാലമത്തെ സൂറത്തിലെ (അധ്യായം) മൂന്നാമത്തെ ആയത്ത് (വരി) ഉദ്ധരിച്ചുകൊണ്ടാണ് ഹൈക്കോടതി വിധിപറഞ്ഞത്.
വിധിയുടെ അടിസ്ഥാനത്തിൽ അസീസുർ റഹ്മാന്‍റെ ഹർജി കോടതി തള്ളി. സ്‌ത്രീകളെ ബഹുമാനിക്കാത്ത സമൂഹത്തെ പരിഷ്‌കൃത സമൂഹം എന്ന് വിളിക്കാനാവില്ലെന്ന് ജസ്റ്റിസ് സൂര്യ പ്രകാശ് കേശർവാണി, ജസ്റ്റിസ് രാജേന്ദ്ര കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആദ്യ ഭാര്യയുള്ള ഒരാള്‍ രണ്ടാം വിവാഹം കഴിക്കുന്നതിൽ നിന്ന് മുസ്‌ലിങ്ങള്‍ തന്നെ വിട്ടുനിൽക്കണം.
ആദ്യ ഭാര്യയെ പരിപാലിക്കാൻ കഴിയാത്ത മുസ്‌ലിം പുരുഷൻ രണ്ടാം വിവാഹം ചെയ്യാൻ ഖുർആൻ അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം, അന്തസോടെയും വ്യക്തി സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ പൗരനും ഉണ്ടെന്നും രണ്ടംഗ ബെഞ്ച് പറഞ്ഞു. ആർട്ടിക്കിൾ 14 എല്ലാവർക്കും തുല്യതയ്‌ക്കുള്ള അവകാശം നൽകുന്നു. ആർട്ടിക്കിൾ 15(2) ലിംഗഭേദ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു.
അസീസുർ റഹ്മാനും ഭാര്യ ഹമീദുന്നിഷയും 1999 മെയ് 12നാണ് വിവാഹിതരായത്. ഹമീദുന്നിഷ ഏക മകൾ ആയതിനാൽ അവരുടെ സ്വത്ത് മുഴുവൻ പിതാവ് അസീസുറീന് നൽകിയിരുന്നു. ഭാര്യയെ അറിയിക്കാതെയാണ് ഇയാൾ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തത്.
രണ്ടാം ഭാര്യയെ കൂടെ നിർത്താൻ ഭർത്താവ് കുടുംബ കോടതിയിൽ കേസ് നൽകിയിരുന്നു. അസീസുർ റഹ്മാന് അനുകൂലമായി വിധി വരാതെ വന്നപ്പോൾ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അത് ഹൈക്കോടതി തള്ളി.