ബെംഗ്ലൂരു:വിവിധ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും 10 ദിവസത്തിനകം കൊവിഡ് കുത്തിവയ്പ് നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡോ സിഎൻ അശ്വത നാരായണ പറഞ്ഞു.
പോളിടെക്നിക്, ഐടിഐ, ബിരുദം, എഞ്ചിനീയറിംഗ്, മെഡിക്കൽ, പാരാമെഡിക്കൽ, ഡിപ്ലോമ, മെഡിക്കൽ ഡിപ്ലോമ, മുഖ്യമന്ത്രിയുടെ നൈപുണ്യ വികസനത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ എന്നിവർ ഇതിൽ ഉൾപ്പെടുമെന്ന് അശ്വത നാരായണ കൂട്ടിച്ചേർത്തു. ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷൻ 10 ദിവസത്തിനുള്ളിൽ
“ഉന്നതവിദ്യാഭ്യാസ വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ ഡ്രൈവ് ജൂൺ 28 ന് ആരംഭിച്ചു. ആദ്യ ദിവസം 94,000 വിദ്യാർഥികൾക്ക് വാക്സിൻ നൽകി. ഇത് കൂടാതെ എല്ലാവർക്കും വാക്സിനേഷൻ നൽകാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്", അദ്ദേഹം പറഞ്ഞു. 10 ദിവസത്തിനുള്ളിൽ എല്ലാ വിദ്യാർഥികൾക്കും വാക്സിൻ നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
"ഔദ്യോഗിക കണക്കുകൾ പ്രകാരം മാസത്തിൽ 60 ലക്ഷം വാക്സിനുകൾ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ വർധിപ്പിക്കും. വാക്സിനേഷനിലും കൊവിഡ് പ്രതിരോധത്തിലും കർണാടക രാജ്യത്ത് മൂന്നാം സ്ഥാനത്താണ്”നാരായണ വിശദീകരിച്ചു.
Also Read: കർണാടകയില്‍ കൊവിഡാനന്തരം പുതിയ രോഗം, 'Acute Necrotizing Encephalopathy'
കൊവിഡ് മൂന്നാം തരംഗത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും നാരായണ പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍റെ ഉത്പാദനവും ഓക്സിജൻ സംഭരണവും ഓഗസ്റ്റ് അവസാനത്തോടെ ഓക്സിജൻ റീഫില്ലിംഗ് ശേഷിയും വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓക്സിജൻ ഉത്പാദന ശേഷി 400 മെട്രിക് ടൺ ആയി വർധിപ്പിക്കുമെന്നും അശ്വന്ത് നാരായണ പറഞ്ഞു.