ന്യൂഡൽഹി: സുപ്രീംകോടതി ജസ്റ്റിസ് എംആർ ഷായുടെ ഔദ്യോഗിക വസതിയിലുള്ള എല്ലാ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. എംആർ ഷാ അംഗമായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഒരു കേസിന്‍റെ വാദം കേൾക്കുന്നതിനിടയിലാണ് എംആർ ഷാ ഇക്കാര്യം അറിയിച്ചത്. തുടർന്ന് പിരിഞ്ഞ ബെഞ്ച് ഉച്ചയ്ക്ക് ശേഷം വീണ്ടും ചേർന്നു. സാഹചര്യം കോടതി പിന്നീട് വിലയിരുത്തുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭതി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് സുപ്രീം കോടതിയിലെ 40 ഓളം ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏപ്രിൽ 12ന് സുപ്രീം കോടതിയിലെ നിരവധി സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജഡ്ജിമാർ ഔദ്യോഗിക വസതികളിൽ നിന്ന് കേസുകൾ കേൾക്കാൻ തുടങ്ങുമെന്ന് തീരുമാനിച്ചിരുന്നു.