സാംസങ് ഈ വര്‍ഷം വിപണിയിലിറക്കുന്ന പ്രധാന സീരിസാണ് ഗ്യാലക്‌സി എസ് 22 (ഗ്യാലക്‌സി എസ് 22, എസ് 22+, എസ് 22 അള്‍ട്ര എന്നിവയാണ് പുറത്തിറങ്ങുന്നത്). പല പുതിയ ഫീച്ചറുകളും ഗ്യാലക്‌സി എസ് 22 സീരിസിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുത്തുറ്റ ഡിസ്‌പ്ല ആയിരിക്കും ഗ്യാലക്‌സി സീരിസിന്‍റേതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ഗ്ലാസ് നിര്‍മാതാക്കളായ കോര്‍ണിങ് ഗോറില്ല ഗ്ലാസിന്‍റെ ഏറ്റവും പുതിയ പതിപ്പായ ഗോറില്ല ഗ്ലാസ് വിക്റ്റസ്+ ഗ്യാലക്‌സി സീരിസിലൂടെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പതിപ്പ് മുൻവശത്ത് മാത്രമാണോ അതോ ഇരു വശങ്ങളിലുമുണ്ടോയെന്ന കാര്യം വ്യക്തമല്ല.
മൂന്ന് എസ് 22 മോഡലുകൾക്കും ഗ്ലാസ് ബാക്ക് ഉണ്ടായിരിക്കുമെന്ന് ഒരു മാസം മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിയര്‍ പാനലിനായി ഗൊറില്ല ഗ്ലാസിന്‍റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കിലും, പ്ലാസ്റ്റിക് ബാക്ക് ഉപയോഗിക്കുന്ന S21, S21+ എന്നിവക്ക് അപ്‌ഗ്രേഡ് ആയിരിക്കും. എസ് 21 അൾട്രായുടെ ഇരുവശങ്ങളിലും വിക്‌റ്റസ് ഗ്ലാസാണ് നിലവിലുള്ളത്.
സാംസങ് ഗാലക്‌സി എസ് 22 അൾട്രായുടെ ബാക്കില്‍ കോർണിങ് വികസിപ്പിച്ച സൂപ്പർ ക്ലിയർ ഗ്ലാസാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഗ്ലാസ് പ്രതിഫലനങ്ങളും ഗ്ലെയറും കുറയ്ക്കാന്‍ സഹായിക്കും.
ഒന്നര വര്‍ഷം മുന്‍പാണ് കോര്‍ണിങ് ഗോറില്ല ഗ്ലാസ് വിക്‌റ്റസ് അവതരിപ്പിച്ചത്. നിലവില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 20 അൾട്രാ ഉള്‍പ്പെടെയുള്ള നിരവധി ഹാന്‍ഡ് സെറ്റുകളില്‍ ഈ പതിപ്പാണ് ഉപയോഗിക്കുന്നത്.
സാംസങ് ഇതുവരെ ഔദ്യോഗിക തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഫെബ്രുവരി എട്ടിന് സാംസങ് ഗ്യാലക്‌സി സീരിസ് രാജ്യാന്തര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീരിസിന്‍റെ ചിത്രങ്ങളും പുതിയ ഫീച്ചറുകളും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ചോര്‍ന്നിരുന്നു.
ബ്ലാക്ക് ഗ്ലാസിന് ഉയർന്ന ഗ്ലോസ് ഫിനിഷ് ഉണ്ടാകില്ലെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. S22, S22+ എന്നിവ പിങ്ക് ഗോൾഡ്, ഗ്രീൻ, ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്‌സി എസ് 22 ബർഗണ്ടി, ഗ്രീൻ, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നി നിറങ്ങളിൽ ലഭ്യമാകും.
Also read: നിരത്ത് കീഴടക്കാൻ വീണ്ടും യസ്ഡി, മൂന്ന് മോഡലുകള്‍ നിരത്തിലിറങ്ങി; വില 1.98 ലക്ഷം മുതല്‍