മുംബൈ : കൊവിഡ് സാഹചര്യത്തിൽ രണ്ട് വർഷത്തിലേറെയായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഏപ്രിൽ രണ്ട് മുതൽ പൂർണമായും പിൻവലിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. മറാത്തി പുതുവർഷമായ 'ഗുഡി പാഡ്‌വ' ഏപ്രിൽ രണ്ടിന് ആഘോഷിക്കാനിരിക്കെയാണ് സംസ്ഥാനത്ത് മാസ്‌ക് ഉൾപ്പടെയുള്ള എല്ലാവിധ നിയന്ത്രണങ്ങളും പിൻവലിക്കുന്നത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന്‍റേതാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ഗുഡി പാഡ്‌വ മുതൽ, പകർച്ചവ്യാധി നിയമത്തിനും ദുരന്തനിവാരണ നിയമത്തിനും കീഴിലുള്ള എല്ലാ കൊവിഡ് അനുബന്ധ നിയന്ത്രണങ്ങളും പിൻവലിക്കും. മാസ്‌ക് ധരിക്കണമെന്നത് ജനങ്ങൾക്ക് സ്വമേധയാ തീരുമാനിക്കാവുന്നതാണ്. സംസ്ഥാന ടാസ്‌ക് ഫോഴ്‌സുമായി കൂടിയാലോചിച്ചതിന് ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ജനുവരി അവസാനത്തോടെ കൊവിഡ് കേസുകളിൽ നേരിയ കുറവ് കണ്ടുതുടങ്ങിയപ്പോൾ തന്നെ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിച്ചിരുന്നു. പൂർണമായും ഇളവുകൾ ലഭിക്കുന്നതോടെ ഈ വർഷം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഗുഡി പാഡ്‌വ ഘോഷയാത്രകൾ നടത്തുമെന്ന് ടോപ്പെ പറഞ്ഞു.