ഗ്വാളിയോർ (മധ്യപ്രദേശ്): ഡോക്‌ടർമാർ മരണം സ്ഥിരീകരിച്ച ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് കൊണ്ടുപോയ സ്ത്രീക്ക് 'പുനർജന്മം'. ജയ ആരോഗ്യ ആശുപത്രിയിലാണ് ഡോക്‌ടർമാരുടെ അനാസ്ഥ. ഉത്തർപ്രദേശ് സ്വദേശിയായ രാംവതി രാജ്‌പുത്(31) എന്ന സ്ത്രീയെ അപകടത്തെ തുടർന്നാണ് ഝാൻസിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവിടെ നിന്നും വ്യാഴാഴ്‌ച രാത്രി ഗ്വാളിയോറിലെ ജയ ആരോഗ്യ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്‌ച പുലർച്ചെ ഡോക്‌ടർമാർ രാംവതിയുടെ മരണം സ്ഥിരീകരിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയക്കുകയും ചെയ്‌തു. മോർച്ചറിയിലേക്ക് കൊണ്ടുപോകും വഴി ഭർത്താവ് നിർപത് സിങ് പരിശോധിച്ചപ്പോഴാണ് രാംവതിക്ക് ശ്വാസമുള്ളതായി കണ്ടെത്തുന്നത്. തുടർന്ന് രാംവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയുടെ അനാസ്ഥയിൽ രാംവതിയുടെ വീട്ടുകാർ ആശുപത്രിയിൽ ബഹളമുണ്ടാക്കുകയും തുടർന്ന് സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകുകയും ചെയ്‌തു. സംഭവത്തിൽ അതൃപ്‌തി അറിയിച്ച ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരങ് കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ആർ.കെ.എസ് ധാക്കദ് പറഞ്ഞു.
ഗ്വാളിയോറിലെ ഏറ്റവും വലിയ ആശുപത്രിയായ ജയ ആരോഗ്യ ആശുപത്രിയിൽ ഝാൻസി, ടികംഗഡ്, അനുപ്പൂർ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രോഗികളാണ് ചികിത്സക്കായി വരുന്നത്. സംഭവത്തിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അതൃപ്‌തി രേഖപ്പെടുത്തുകയും രോഗികളോട് ഡോക്‌ടർമാർ അന്യായമായാണ് പെരുമാറുന്നതെന്ന് വിമർശിക്കുകയും ചെയ്‌തു.
Also Read: ബജ്‌രംഗ്‌ദൾ പ്രവർത്തകന്‍റെ മർദ്ദനമേറ്റ ദലിത് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു