ലക്‌നൗ : അലിഗഡിൽ വ്യാജ മദ്യം കഴിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ മുഖ്യ പ്രതിയായ ഋഷി ശർമ പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ അതിർത്തിക്ക് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് വ്യത്യസ്‌ത സന്ദർഭങ്ങളിലായി വ്യാജ മദ്യം കഴിച്ച് അലിഗഡിൽ 50 ഓളം പേരാണ് മരിച്ചത്. 50 പേരുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിക്കാനുണ്ടെന്നും അവ ലഭ്യമായാൽ മരണസംഖ്യ 100 ആയി ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Read More: ഹൂച്ച് വിഷമദ്യ ദുരന്തം: മരണം 55 ആയി
മുഖ്യപ്രതിയായ ഋഷി ശർമയെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കൂടാതെ നേരത്തേ അറസ്റ്റിലായ വിപിൻ യാദവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും ഇയാളുടെ സഹോദരൻ മുനിഷ് ശർമയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും അലിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) കലാനിധി നൈതാനി പറഞ്ഞു.
സംഭവത്തിൽ ഇതുവരെ 17 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 61 പ്രതികളെ അലിഗഡിൽ അറസ്റ്റ് ചെയ്തു. കേസ് രജിസ്‌റ്റർ ചെയ്‌ത ശേഷം ആറ് സംസ്ഥാനങ്ങളിലായി ഒന്നിലധികം പൊലീസ് സംഘങ്ങൾ അന്വേഷണവും തിരച്ചിലും വ്യാപിപ്പിച്ചുവെന്നും നൈതാനി അറിയിച്ചു.