ലഖ്നൗ : ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15ആയി. അതേസമയം 16 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസൻസുള്ള കച്ചവടക്കാരൻ വിൽപ്പന നടത്തിയ മദ്യമാണ് ഇവർ സേവിച്ചത്. കര്‍സിയയിലെ കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചതായുള്ള വിവരം വെള്ളിയാഴ്ച്ച രാവിലെ തന്നെ ലഭിച്ചിരുന്നതായി ഡി.ഐ.ജി ദീപക് കുമാര്‍ പറഞ്ഞു. പൊലീസും ഉന്നത ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോള്‍ കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലും ആറ് പേര്‍ കൂടി സമാന രീതിയിൽ മരിച്ചതായി കണ്ടെത്തുകയായിരുന്നു. അലിഗഡ്-തപാൽ ഹൈവേയിലെ ഗ്യാസ് ഡിപ്പോയിൽ ജോലിക്കായി എത്തിയ ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡി.ഐ.ജി ദീപക് കുമാര്‍ വ്യക്തമാക്കി.
Read More…….ഉത്തർപ്രദേശിൽ വ്യാജ മദ്യം കഴിച്ച് 11 പേർ മരിച്ചു
ആരോഗ്യനില വഷളായതിനാല്‍ അഞ്ച് പേരെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി. ശര്‍മ പറഞ്ഞു. സംഭവത്തിൽ സമയബന്ധിതമായി മജിസ്‌റ്റീരിയൻ അന്വേഷണം നടത്താൻ ഉത്തരവിട്ടതായും, അതിന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് റാങ്ക് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുമെന്നും ജില്ല മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അലിഗഡ് ജില്ലയിലെ ലോധ, ഖൈർ, ജവാൻ പോലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്നവരാണ് ഇരകളെന്ന് അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് (ധനകാര്യ) വിദാൻ ജയ്‌സ്വാൾ പറഞ്ഞു.അതേസമയം മരിച്ച ഓരോരുത്തരുടെയും ബന്ധുക്കൾക്ക് ജില്ല മജിസ്‌ട്രേറ്റ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അതേസമയം യുപിയിലെ എല്ലാ മദ്യവിൽപ്പന ശാലകളും അടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് ഗോരംഗ് ദേവ് ചൗഹാൻ ആവശ്യപ്പെട്ടു. ഈ ലോക്ക് ഡൗണ്‍ സമയത്ത് കടകളും മറ്റ് സുപ്രധാന വാണിജ്യ സ്ഥാപനങ്ങളും അടച്ചിരിക്കുമ്പോഴും മദ്യവിൽപ്പനക്കാരെ ഒഴിവാക്കി എന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ തെറ്റായ നയമാണ് ഈ ദാരുണമായ സംഭവത്തിന് കാരണമായതെന്നും വ്യാജ മദ്യ റാക്കറ്റിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.