ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) തലവനും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്ന് പാർട്ടി ദേശീയ വക്താവ് അശുതോഷ് വർമ അറിയിച്ചു. ഇതാദ്യമായാണ് അഖിലേഷ് യാദവ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്.
1993 മുതൽ അഖിലേഷിന്‍റെ പിതാവ് മുലായം സിങ് യാദവിന്‍റെ ശക്തികേന്ദ്രമാണ് മെയിൻപുരിയെന്ന് പറയപ്പെടുന്നുവെങ്കിലും 2002ലെ തെരഞ്ഞെടുപ്പിൽ ജയം ബിജെപിക്കായിരുന്നു. നിലവിൽ സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കര്‍ഹാലില്‍ ശോഭരൻ യാദവാണ് എംഎൽഎ.
എസ്പിയുടെ പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടുന്ന ഒന്നരലക്ഷത്തോളം യാദവ വോട്ടർമാർ ഉൾപ്പെടുന്നതിനാൽ കർഹാൽ സീറ്റിലെ ജാതി കണക്ക് പാർട്ടിക്ക് അനുകൂലമാണ്. 14,000ത്തോളം മുസ്ലീങ്ങളും 34,000 ശാക്യ സമുദായ വോട്ടർമാരും ഈ മണ്ഡലത്തിലുണ്ട്. ഈ വോട്ടുകളും പാർട്ടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
ALSO READ:യുപി തെരഞ്ഞെടുപ്പ്: മത്സരം കൊഴുപ്പിച്ച് പ്രതിപക്ഷം, ഗോരഖ്‌പൂരിൽ യോഗിക്കെതിരെ ചന്ദ്രശേഖർ ആസാദ്
നേരത്തെ അഖിലേഷ് യാദവ് അസംഗഢിലെ ഗോപാൽപൂർ നിയമസഭ സീറ്റിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബി.ജെ.പി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ തന്‍റെ 'സ്റ്റിക്കർ പതിപ്പിക്കാൻ' ശ്രമിക്കുന്ന എസ്‌പി മേധാവിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭയമുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അഖിലേഷിനെതിരെ ആഞ്ഞടിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രഖ്യാപനം.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അഖിലേഷ് യാദവിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മോദി നയങ്ങൾക്കെതിരെ പോരാടുന്നവരെയും, സ്വകാര്യവത്ക്കരണത്തെ എതിർക്കാനും വർഗീയ ശക്തികളെ തടയാനും രാജ്യത്തെ സംഘടിപ്പിക്കുന്നവരെയും സ്വാഗതം ചെയ്യുമെന്ന് യുപിയിലെ എസ്‌പി നേതാവ് ഡോ. അക്രം അലി പറഞ്ഞു.