ഹൈദരാബാദ്: തെലങ്കാന മൂന്നാം സംസ്ഥാന നിയമസഭയുടെ പ്രോ ടേം സപീക്കറായി ചുമതലയേറ്റെടുത്ത് എഐഎംഐഎം നേതാവ് അക്ബറുദ്ദീൻ ഒവൈസി (Akbaruddin Owaisi Sworned As Pro Tem Speaker In Telangana). രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴിസൈ സൗന്ദര രാജനാണ് ഒവൈസിയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. തെലങ്കാനയിലെ നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലു , ബിആർഎസ് എംഎൽഎമാര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയുള്ള സഭാ നടപടി ക്രമങ്ങള്‍ നിയന്ത്രിക്കുന്നത് പ്രോ ടേം സ്‌പീക്കറാണ്. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ പ്രോ ടേം സ്പീക്കറിന് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്യുക. എന്നാല്‍, അക്ബറുദ്ദീൻ ഒവൈസിയെ പ്രോ ടേം സ്‌പീക്കറായി തെരഞ്ഞെടുത്തതിനെതിരെ തെലങ്കാനയിലെ ബിജെപി എംഎല്‍എ രാജാ സിങ് രംഗത്തെത്തി. എഐഎംഐഎം സഭാംഗത്തിനോടൊപ്പം താനും മറ്റ് ബിജെപി എംഎല്‍എമാരും പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എമാരുെടെ സത്യപ്രതിജ്ഞ ചടങ്ങിന് അധ്യക്ഷത വഹിക്കേണ്ട ചുമതല നിലവില്‍ തെലങ്കാന നിയമസഭയില്‍ പ്രോ ടേം സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട അക്ബറുദ്ദീൻ ഒവൈസിയ്‌ക്കാണ് ഉള്ളത്. പുതിയതായി നിയമസഭ ചേരുമ്പോള്‍ സ്പീക്കറിനെയോ ഡെപ്യൂട്ടി സ്പീക്കറെയോ നിയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് പ്രോ ടേം സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. സഭയുടെ സുഗമമായ നടത്തിപ്പിനായി മറ്റ് അംഗങ്ങളുടെ കൂടി സമ്മതത്തോടെ ആയിരിക്കും ഈ സ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നത്.
എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയുടെ (Asaduddin Owaisi) സഹോദരനും പാര്‍ട്ടിയിലെ രണ്ടാമനുമാണ് അക്ബറുദ്ദീൻ ഒവൈസി. തെലങ്കാനയിലെ ചന്ദ്രയാന്‍ഗുട്ട മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇതേ സീറ്റില്‍ നിന്നായിരുന്നു അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്.
2023 തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റില്‍ മത്സരിച്ച എഐഎംഐഎം ഏഴിടത്താണ് ജയിച്ചത്. മലക്പേട്ട് മണ്ഡലത്തില്‍ നിന്നും അഹമ്മദ് ബിൻ അബ്ദുല്ല, ബഹാദൂർപുരയിൽ നിന്ന് മുഹമ്മദ് മുബീൻ, കർവാനിൽ നിന്ന് കൗസർ മൊഹിയുദ്ദീൻ, നാമ്പള്ളിയിൽ നിന്ന് ബലാല മുഹമ്മദ് മജീദ് ഹുസൈൻ, ചാർമിനാറിൽ നിന്ന് മിർ സുൽഫെക്കർ അലി, യാകുത്പുരയിൽ നിന്ന് ജാഫർ ഹുസൈൻ എന്നിവരാണ് അക്ബറുദ്ദീൻ ഒവൈസിക്ക് പുറമെ തെലങ്കാന നിയമസഭയിലേക്ക് എത്തിയ എഐഎംഐഎം നേതാക്കള്‍.
Also Read : ജനസാഗരമായി രേവന്ത് റെഡ്ഡിയുടെ ആദ്യ പ്രജ ദര്‍ബാര്‍; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉറപ്പെന്ന് മുഖ്യമന്ത്രി