മുംബൈ: പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഹൃദയ സ്‌തംഭനമാണ് മരണ കാരണം. വൃക്ക സംബന്ധമായ അസുഖം ഉള്‍പ്പെടെ അലട്ടിക്കൊണ്ടിരുന്ന ജുന്‍ജുന്‍വാലയെ നെഞ്ചുവേദനയെ തുടര്‍ന്നാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഓഗസ്റ്റ് 14) 6.45 ഓടെ മരിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ അതികായനായ രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ വാറൻ ബഫറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1985 ലാണ് ഓഹരി വിപണി മേഖലയില്‍ അദ്ദേഹം ചുവട് വച്ചത്. അന്ന് ജുന്‍ജുന്‍വാല കോളജ് വിദ്യാര്‍ഥിയായിരുന്നു.
അടുത്തിടെ ആരംഭിച്ച ആകാശ എയർലൈൻസിന്‍റെ തലവനാണ്. സ്റ്റാർ ഹെല്‍ത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനികളുടേയും മേധാവിയാണ്. അതിനൊപ്പം നിരവധി കമ്പനികളുടെ ഡയറക്‌ടർ ബോർഡ് അംഗവുമാണ്. സ്റ്റാർ ഹെൽത്ത്, ടൈറ്റൻ, റാലിസ് ഇന്ത്യ, എസ്‌കോർട്ട്‌സ്, കാനറ ബാങ്ക്, ഇന്ത്യൻ ഹോട്ടൽസ് കമ്പനി, അഗ്രോ ടെക് ഫുഡ്‌സ്, നസാര ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ അദ്ദേഹത്തിന്‍റെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.
നിലവില്‍ ഏകദേശം 42,000 കോടി രൂപയാണ് ജുന്‍ജുന്‍വാലയുടെ ആസ്‌തി. ഭാര്യ രേഖ ജുന്‍ജുന്‍വാലയും നിക്ഷേപകയാണ്. ഇവര്‍ക്ക് മൂന്ന് മക്കളാണ്.