നോയിഡ (ഉത്തര്‍ പ്രദേശ്): അജയ് ദേവ്ഗണിന്‍റെ "ഫൂല്‍ ഓര്‍ കാണ്ടേ" എന്ന സിനിമയെ അനുകരിച്ച് അപകടകരമായി കാര്‍ സ്റ്റണ്ടിങ് നടത്തിയ 21 കാരന്‍ അറസ്റ്റില്‍. സോരക്ക ഗ്രാമത്തിലെ രാജീവ് (21)ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ സ്റ്റണ്ട് ചെയ്യാന്‍ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
ടൊയോട്ട ഫോര്‍ച്യൂണറിന്‍റെ രണ്ട് കാറുകളാണ് ഇയാള്‍ അഭ്യാസത്തിനായി ഉപയോഗിച്ചത്. അമിത വേഗത്തില്‍ ഓടുന്ന രണ്ട് കാറുകളില്‍ ചവിട്ടി നില്‍ക്കുന്നതാണ് വീഡിയോ. സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായാണ് ഇയാള്‍ വീഡിയോ പകര്‍ത്തിയത്. രണ്ട് കാറുകള്‍ ഉപയോഗിച്ചും രണ്ട് ബൈക്കുകള്‍ ഉപയോഗിച്ചും യുവാവ് സ്റ്റണ്ട് നടത്തിയിരുന്നു.
യുവാവിന്‍റെ വീട്ടിലുള്ളവയാണ് ഒരു കാറും ഒരു ബൈക്കും. മറ്റൊരു കാറും ബൈക്കും ബന്ധുവിന്‍റേതാണ്. സാമൂഹ്യ മാധ്യമത്തില്‍ വീഡിയോ കണ്ട പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് വാഹന നമ്പര്‍ കണ്ടെത്തിയ പൊലീസ് ഗ്രാമത്തിലെത്തി യുവാവിനെ അറസ്റ്റ് ചെയ്തു.
Also Read: അമിത വേഗതയിൽ ഓടുന്ന കാറിൽ സാഹസിക പ്രകടനം ; ഏഴ് യുവാക്കള്‍ അറസ്റ്റില്‍ | Video
സമ്പന്ന കുടുംബത്തില്‍ പെട്ട യുവാവ് ഇത്തരത്തില്‍ അപകടകരമായ നിരവധി സ്റ്റണ്ടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇവ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയ പൊലീസ് തുടര്‍ നടപടിയിലേക്ക് നീങ്ങുകയാണെന്ന് സെക്ടര്‍ 113 പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ ശരദ് കാന്ത് പറഞ്ഞു. പൊതുതസ്ഥലത്ത് അപകടകരമായി വാഹനം ഓടിച്ചതിന് ഗതാഗത വകുപ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നേരത്തെ അജയ് ദേവ്ഗണിനെ അനുകരിച്ച് യൂണിഫോമില്‍ കാറുകളില്‍ സ്റ്റണ്ടിങ് നടത്തിയതിന് മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.