മണിരത്‌നത്തിന്‍റെ 'പൊന്നിയിൻ സെൽവൻ 2' ആയിരുന്നു മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‌മിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ ഗംഭീര വിജയം ആഘോഷിക്കുകയാണ് ടീം അംഗങ്ങള്‍. 'പൊന്നിയിന്‍ സെല്‍വന്‍ 2' വിജയത്തോടനുബന്ധിച്ച് പല ചടങ്ങുകളിലും 'പൊന്നിയിന്‍ സെല്‍വന്‍' താരങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്‌മി പറഞ്ഞ വാക്കുകളാണ് മാധ്യമ ശ്രദ്ധ നേടുന്നത്. പരിപാടിയില്‍ പ്രമുഖ മലയാള സംവിധായകന്‍ മഹേഷ് നാരായണനുമായുള്ള സെക്ഷനിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. 'എന്തുകൊണ്ടാണ് മലയാള സിനിമ പുതുമയുള്ളതും ഭയരഹിതവും വഴിത്തിരിവുള്ളതുമായ കഥപറച്ചിലിന്‍റെ കേന്ദ്രമാകുന്നത്' - എന്ന വിഷയത്തിലാണ് ഐശ്വര്യ മറുപടി നല്‍കിയത്.
സ്ത്രീകൾ മാത്രം കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്ന കഥകളെ കുറിച്ച് നടി തന്‍റെ അഭിപ്രായം പറഞ്ഞു. സ്ത്രീകളെ മാത്രം കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള കഥകളിൽ താൻ വിശ്വസിക്കുന്നില്ലെന്ന് ഐശ്വര്യ ലക്ഷ്‌മി വെളിപ്പെടുത്തി.
'സ്ത്രീകൾ മാത്രം കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്ന കഥകളിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം സ്ത്രീകളെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ സ്‌ത്രീയ്‌ക്കും പുരുഷനും തുല്യ പ്രധാന്യമുണ്ട്. ഇപ്പോൾ സിനിമയെ കുറിച്ച് ഞാൻ കരുതുന്നത്, അത് സ്ത്രീ - പുരുഷ കഥാപാത്രങ്ങളുടെ നല്ലൊരു ബാലൻസ് ആയിരിക്കണം എന്നാണ്. അല്ലാതെ ഒരു കാര്യവുമില്ല. കാരണം സിനിമ നമ്മുടെ ജീവിതത്തിന്‍റേയും സമൂഹത്തിന്‍റേയും പ്രതിഫലനമാണ്. നമ്മുടെ ജീവിതത്തിലും ബിഗ് സ്‌ക്രീനിലും സന്തുലിതാവസ്ഥ കൈവരിക്കണം.' - ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.
അഭിനയം ഒരു കരിയർ ആയി തുടരാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കൾ എങ്ങനെ പ്രതികരിച്ചുവെന്നതിനെ കുറിച്ചും ഐശ്വര്യ വെളിപ്പെടുത്തി. 'ഞാൻ ഒരു ഡോക്‌ടറാണ്. ഞാൻ എംബിബിഎസ് പൂർത്തിയാക്കി, പിന്നീട് അഭിനയിക്കാൻ തുടങ്ങി. ഇത് ദൈവത്തിന്‍റെ തീരുമാനമാണെന്ന് ഞാൻ പറയും. ഒരു അഭിനേത്രി ആകാന്‍ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. കാരണം എന്‍റെ കുടുംബം വിദ്യാഭ്യാസത്തിന് മാത്രമായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. സമൂഹം നന്നായി ബഹുമാനിക്കുന്ന ഒരു കരിയർ ഉണ്ടായിരുന്നു. അഭിനയം അത്തരത്തില്‍ ഒന്നാണെന്ന് അവര്‍ ഇപ്പോഴും കരുതുന്നില്ല.
അതിലുപരിയായി, സിനിമ മേഖലയെ കുറിച്ചുള്ള കഥകൾ അവർ കേട്ടിട്ടുള്ളതിനാൽ ഒരു സുരക്ഷാ ആശങ്കയും ഉണ്ടായിരുന്നു. ഞാൻ ഒരു മധ്യവർഗ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അച്ഛൻ സെക്രട്ടേറിയറ്റിലായിരുന്നു ജോലി ചെയ്‌തിരുന്നത്. അമ്മ കേന്ദ്ര സർക്കാര്‍ ഉദ്യോഗസ്ഥയും ആയിരുന്നു. ഒരേയൊരു മകളുടെ കരിയര്‍ സിനിമ എന്നതിനെ കുറിച്ച് അവര്‍ ഇരുവരും നല്ലപോലെ ചിന്തിച്ചിരുന്നു. ഞാന്‍ സിനിമ തിരഞ്ഞെടുത്തപ്പോള്‍ എനിക്ക് ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു.
ഇപ്പോഴും നിങ്ങൾ അടുത്തതായി എന്ത് സിനിമ ചെയ്യാൻ പോകുന്നു എന്ന മട്ടിലാണ്. അവരെ സംബന്ധിച്ച്, ഞാൻ എല്ലാ ടൈപ്പുകളും ചെയ്‌തിട്ടുണ്ട്. സിനിമയിൽ വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ ദിവസവും പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വരും. ഞാൻ ചെയ്യുന്ന ഓരോ കഥാപാത്രവും പ്രേക്ഷകർക്ക് ഇഷ്‌ടമാണെന്ന് ഉറപ്പാക്കണം. ഒരു നായികയെ സംബന്ധിച്ച്, ഞങ്ങൾക്ക് ഒരു കാലാവിധി ഉണ്ടെന്ന് എപ്പോഴും പറയാറുണ്ട്.' - ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു.