ബെംഗളൂരു : കോറമംഗലയിലെ അപ്പാർട്ട്‌മെന്‍റിന്‍റെ നാലാം നിലയിൽ നിന്നുവീണ് എയർഹോസ്‌റ്റസ് മരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. എയർഹോസ്‌റ്റസിന്‍റെ മാതാപിതാക്കളുടെ പരാതിയില്‍ യുവതിയുടെ മുൻ കാമുകനും കാസര്‍കോട് സ്വദേശിയുമായ ആദേശിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കോറമംഗല പൊലീസ് സാഹചര്യത്തെളിവുകളും ശാസ്ത്രീയ - സാങ്കേതിക തെളിവുകളും ശേഖരിച്ചുവരികയാണ്.
സംഭവം നടന്നതിങ്ങനെ : എയർ ഹോസ്‌റ്റസ് അർച്ചന ധിമാൻ (28) ആണ് ദുരൂഹ സാഹചര്യത്തില്‍ ഞായറാഴ്‌ച മരിച്ചത്. ഒരു പ്രമുഖ എയർലൈൻ കമ്പനിയിൽ എയർ ഹോസ്‌റ്റസായി ജോലി ചെയ്യുകയായിരുന്നു അർച്ചന. നഗരത്തിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ് ആദേശ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള അർച്ചന ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഐടി കമ്പനി ജീവനക്കാരനായ ആദേശിനെ പരിചയപ്പെടുന്നത്.
ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പിന്നീട് പല കാരണങ്ങളാല്‍ ആറുമാസം മുമ്പ് ഇവർ ബന്ധം ഉപേക്ഷിക്കുകയും പിരിയുകയും ചെയ്‌തു. തന്നിൽ നിന്ന് മാറി നിൽക്കാൻ അർച്ചന ആദേശിന് മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ ആദേശിനെ കാണാൻ ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്ന് അർച്ചന ബാംഗ്ലൂരിൽ എത്തുകയായിരുന്നു. ശനിയാഴ്‌ച ആദേശും അർച്ചനയും തമ്മിൽ വഴക്കുണ്ടായി. കണ്ടുമുട്ടിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്‌തെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : മഹാരാഷ്ട്രയില്‍ പാറത്തോട് സ്വദേശി വസന്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10ന് തിരികെയെത്തുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ വസന്ത് മാര്‍ച്ച് 10ന് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നേരത്തെ വസന്ത് ഫോണില്‍ സംസാരിച്ചിക്കവേ തന്നെ ആരോ പിന്തുടരുന്നു എന്ന വിവരം വീട്ടുകാരോട് പറഞ്ഞിരുന്നു. കുടുംബത്തിന്‍റെ പരാതിയെ തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് വസന്തിന്‍റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും വസന്തുള്ളത് ഗോവയിലാണെന്ന് പരിശോധനയിൽ നിന്ന് മനസിലാക്കുകയുമായിരുന്നു.
തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കി വസന്തിന്‍റെ മൃതദേഹം ഇന്നലെ രാവിലെ മഹാരാഷ്ട്ര സിന്ധുബര്‍ഗ് ജില്ലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത പരിഗണിച്ച് മഹാരാഷ്ട്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.