ന്യൂഡൽഹി : തലസ്ഥാനത്ത് വായു മലിനീകരണം ഗുരുതരമായി തുടരുമ്പോള്‍ ആ വായു ശ്വസിക്കുന്നത് പ്രത്യുത്പാദന ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് വിദഗ്‌ധർ (pollution affect reproductive health). ദിവസങ്ങളായി ഡൽഹിയിലുടനീളമുള്ള വായുവിന്‍റെ ഗുണനിലവാരമില്ലായ്‌മ ശക്തമായി തന്നെ തുടരുകയാണ്. ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിലും വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു (Delhi air pollution).
ഇന്ത്യയുടെ ദേശീയ തലസ്ഥാന മേഖലയിൽ നീണ്ടുനിൽക്കുന്ന ഈ വായു മലിനീകരണ പ്രശ്‌നങ്ങളുടെ പ്രതികൂല ഫലങ്ങൾ ബാധിക്കുന്നവരിൽ മുൻപന്തിയിലുള്ളത് ഭാവിയിലെ അമ്മമാരാണ്. 'വായുവിലെ സൂക്ഷ്‌മ കണികകൾ ഗർഭസ്ഥ ശിശുവിന്‍റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മാസം തികയാതെയുള്ള ജനനം, കുഞ്ഞിന് ജനന ഭാരം കുറയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും'. കൂടാതെ, മലിനീകരണവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് ഗർഭിണികളുടെ സമ്മർദവും ഉത്കണ്‌ഠയും വർധിപ്പിക്കുമെന്നും ഇത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നുമാണ് ഗുരുഗ്രാമിലെ മദർഹുഡ് ഹോസ്‌പിറ്റലിലെ കൺസൾട്ടന്‍റ് ഒബ്‌സ്റ്റട്രീഷ്യൻ ആന്‍ഡ് ഗൈനക്കോളജിസ്റ്റ് ഡോ. ശ്വേത വസീർ പറഞ്ഞത്.
വായുമലിനീകരണം ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണ്. അപകടകരമായ വായുവിന്‍റെ ഗുണനിലവാരം ശ്വാസകോശ സംബന്ധമായ അപകടസാധ്യതകൾ സൃഷ്‌ടിക്കുന്നു. ഇത് ആസ്ത്മ, ബ്രോങ്കൈറ്റിസ് പോലുള്ള സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ഗർഭിണികളും ഗർഭം പ്രതീക്ഷിക്കുന്ന സ്‌ത്രീകളും ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് ഇരയാകുന്നു. കാരണം, ഇവർ രണ്ടുപേർക്ക് വേണ്ടിയാണ് ശ്വസിക്കുന്നത്. 'അമ്മയെ ഭ്രൂണവുമായി ബന്ധിപ്പിക്കുന്ന അവയവമായ പ്ലാസന്‍റ വായു മലിനീകരണത്തിന് കീഴടങ്ങുകയാണ്. അതിവേഗം വികാസം പ്രാപിക്കുന്ന ഭ്രൂണം പാരിസ്ഥിതിക വിഷവസ്‌തുക്കളുടെ സ്വാധീനത്തിന് കൂടുതൽ ഇരയാകുന്നു. ഗർഭാവസ്ഥയിലെ വായുമലിനീകരണം, മാസം തികയാതെയുള്ള ജനനം, കുറഞ്ഞ ഭാരം, ഹൃദയ വൈകല്യങ്ങൾ, ആസ്ത്മ, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡർ ഉൾപ്പെടെ നിരവധി പ്രതികൂല ആരോഗ്യ ഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയർന്ന മലിനീകരണ തോതിലുള്ള ദൈനംദിന സമ്പർക്കം പ്രത്യുത്പാദന ശേഷി കുറയുന്നതിന് ഒരു പ്രധാന പങ്കുവഹിക്കുന്നുവെന്ന് അംഗീകരിക്കപ്പെട്ടതായി ഡോക്‌ടർ പറയുന്നു. വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നത് സ്‌ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് പുറമെ, പുരുഷന്മാരുടെ ബീജത്തിന്‍റെ ഗുണനിലവാരത്തെയും ബാധിക്കും. മോശം വായുവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുക മാത്രമല്ല, ഗർഭം ധരിക്കാൻ ശ്രമിക്കുന്ന ദമ്പതികൾക്കിടയിലെ ലൈംഗികാസക്തി കുറയ്ക്കുകയും ചെയ്യുന്നു. ഈസ്ട്രജനിക്, ആന്‍റിആൻഡ്രോജെനിക്, ആവശ്യമായ വായു എക്സ്പോഷർ ടെസ്റ്റോസ്റ്റിറോൺ, ബീജ ഉത്പാദനം എന്നിവയെ തടസപ്പെടുത്തും.
മലിനമായ വായുവിലെ വിഷവസ്‌തുക്കൾ ഹോർമോൺ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുകയും പ്രത്യുത്പാദന ആരോഗ്യത്തെ തടസപ്പെടുത്തുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള സമയങ്ങളിൽ പുറത്ത് പോയിട്ടുള്ള പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും സമീകൃതാഹാരം, ചിട്ടയായ വ്യായാമം, സ്ട്രെസ് മാനേജ്മെന്‍റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രിനാറ്റൽ യോഗ, ധ്യാനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പടുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും ഡോക്‌ടർ പറഞ്ഞു.