ന്യൂഡല്‍ഹി: രാജ്യത്ത് വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി കൂടുതല്‍ പേരിലേക്ക് പടര്‍ന്ന സാഹചര്യത്തിലും പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലുമാണ് വിമാനയാത്രക്കാരുടെ എണ്ണം കുറഞ്ഞത്. പല സംസ്ഥാനങ്ങളിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുപോലെയുള്ള യാത്രാ നിയന്ത്രണങ്ങള്‍ കാരണം ബുക്കിംഗിലും കുറവുണ്ടായതായി എയര്‍ലൈന്‍ കമ്പനികള്‍ പറയുന്നു. അടുത്ത ആഴ്ചയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
സിവിൽ ഏവിയേഷൻ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം, 2021 ഫെബ്രുവരി 28 ന് ആഭ്യന്തര യാത്രക്കാരുടെ എണ്ണം 3,13,668 ആയി ഉയർന്നു, അടുത്ത ദിവസം അതായത് 2021 മാർച്ച് 1 ന് യാത്രക്കാരുടെ എണ്ണം 2,77,708 ആയി കുറഞ്ഞു. കൊവിഡ് ആയതോടെയുള്ള വിനോദ, ബിസിനസ് യാത്രയിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണമെന്നും കമ്പനികള്‍ പറയുന്നു.
യാത്രാ നിയന്ത്രണങ്ങളെതുടര്‍ന്ന് 2020 മെയ് 25 മുതൽ രാജ്യത്തുടനീളമുള്ള ആഭ്യന്തര വിമാന യാത്ര പുനരാരംഭിച്ചതിന് ശേഷം വിമാന നിരക്കിൽ ഒരു പ്രൈസ് ബാൻഡ് സർക്കാർ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് -19 ന് മുമ്പുള്ള നിലയിലേക്ക് വിമാന സര്‍വീസുകള്‍ എത്തിയാൽ പ്രൈസ് ബാൻഡുകൾ ഇല്ലാതാക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു.