ന്യൂഡൽഹി : യുക്രൈനിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ അയച്ച എയർ ഇന്ത്യ വിമാനം 240ഓളം യാത്രക്കാരുമായി ചൊവ്വാഴ്‌ച രാത്രി 10 മണിയോടെ ഡൽഹിയിൽ എത്തിച്ചേരും. എഐ1946 വിമാനമാണ് 240ലധികം യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് എത്തുന്നത്. കീവിലെ ബോറിസ്‌പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകുന്നേരം ആറ് മണിയോടെയാണ് യാത്രക്കാരുമായി വിമാനം പറന്നുയർന്നത്.
ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ എയർഇന്ത്യ എയർലൈൻ ബോയിങ് 787 വിമാനവും പ്രവർത്തിപ്പിക്കുന്നുണ്ട്. ആവശ്യകത അനുസരിച്ച് മറ്റ് എയർലൈനുകളും യുക്രൈനിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. യുദ്ധഭീതി നിലനിൽക്കുന്നതിനാൽ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങണമെന്ന് കീവിലെ ഇന്ത്യൻ എംബസി വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു.
Also Read: യുക്രൈനിലേക്കുള്ള കടന്നുകയറ്റം : റഷ്യക്ക് തിരിച്ചടി നൽകാൻ തയാറെടുത്ത് ലോകനേതാക്കൾ
ഫെബ്രുവരി 22, 24, 26 തീയതികളിൽ കീവിലെ ബോറിസ്‌പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക് മൂന്ന് സർവീസുകൾ നടത്തുമെന്ന് എയർഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. യുക്രൈനിലേക്ക് വിമാനങ്ങൾ സർവീസ് നടത്താനുള്ള സാധ്യത പരിശോധിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഫെബ്രുവരി 17ന് ഇന്ത്യൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുക്രൈനിലേക്ക് വിമാന സർവീസ് നടത്താൻ ഇപ്പോൾ പദ്ധതിയില്ലെന്ന് വിസ്‌താര സിഇഒ വിനോദ് കണ്ണൻ ചൊവ്വാഴ്ച അറിയിച്ചു.